Monday, January 3, 2011

ഈശ്വരന്‍റെ ചിരി

ചെങ്കുത്തായ പാറയുടെ മുനമ്പ് . അതിന്‍റെ ഭീകരവും വന്യവുമായ സൌന്ദര്യം . എങ്ങോ കുതിച്ചൊഴുകുന്ന അരുവിയുടെ കാതടപ്പിക്കുന്ന ആരവം . കണ്ണുകള്‍ തുറക്കുവാന്‍ അവള്‍ക്കായില്ല . ഇറുക്കി കണ്ണുകളടച്ചു തന്‍റെ പേടിച്ചരണ്ട ഹൃദയം മിടിക്കുന്നത്‌ അവള്‍ കേട്ടു . താഴേയ്ക്ക് അവള്‍ നോക്കിയില്ല , താഴെ പുക മഞ്ഞിന്‍റെ നിറമുള്ള മരണം ...........അല്ല ഭാവി .....അല്ല നാളെകള്‍ .......
പെട്ടന്ന്  അവള്‍ തന്‍റെ കാതുകളില്‍ മന്ത്രിക്കും പോല്‍ കേട്ടു , 
 സൂഫിയുടെ   സ്വരം ! "ഭയക്കരുത് , ഭയന്നാലും മരിക്കും ഭയന്നില്ലെങ്കിലും മരിക്കും , അതിനാല്‍ ഭയക്കാതിരിക്കു ...................."
മഴയിരമ്പി വന്നു , മിന്നല്‍ പിണര്‍ കെട്ടി പുളഞ്ഞു കൊണ്ടു ഇടിയുടെ ഹൂങ്കാരത്തില്‍ അവസാനിച്ചു . സുഫിയുടെ വാക്കുകള്‍ , സിത്താറിന്റെ ഈണം പോലെ കേള്‍ക്കുമ്പോള്‍ അവളെന്തിനു ഭയക്കണം . അനശ്വരനായ, അവളുടെ സന്തത സഹചാരിയായ  ഭ്രാന്തന്‍ സന്ന്യാസിയുടെ ഏറ്റവും ആദ്രതയുള്ള സ്വരം ,അവയ്ക്ക് വെളിപാടുകളുടെ , പ്രവചനങ്ങളുടെ ശക്തിയുണ്ട് എന്നാ തിരിച്ചറിവ് അവളുടെ കരുതും സാന്ത്വനവും ആയ്. ഹൃദയം വേദനിക്കുമ്പോള്‍ അവള്‍ ഉറക്കെ കരഞ്ഞു , ഒടുവില്‍ കരച്ചിലിന്‍റെ ഏറ്റവും ഒടുവില്‍ അവളില്‍ ഒരു നനുത്ത നിശ്വാസവും ചിരിയും ഉണരും വരെ .
സൂഫിയുടെ വിരല്‍ തുമ്പു പിടിച്ചവള്‍ ഒരു ചെറിയ കുട്ടിയെ പോലെ  നടന്നു , അവളുടെ നീണ്ട മുടിയിഴകള്‍ അഴിഞ്ഞുലഞ്ഞപ്പോള്‍ അവള്‍ തന്നെ പരിഹസിക്കാന്‍ മുതിര്‍ന്നവരെ നോക്കി ചിരിച്ചു . കാറ്റിനും കിളികള്‍ക്കും ഇലകള്‍ക്കും മണ്‍ തരികള്‍ക്കും തന്നോട് സംവേദിക്കുവാന്‍ ആകും എന്ന അറിവില്‍ അവള്‍   തന്‍റെ ഏകാന്തത മറന്നു . ഭ്രാന്ത്  തന്‍റെ  ഏറ്റവും മനോഹരമായ അവസ്ഥയാണ് എന്ന് അവള്‍ വിശ്വസിക്കുവാന്‍ ശ്രമിച്ചു .
ജീവിതത്തോട് മല്ലടിച്ചു തോല്‍ക്കുമ്പോള്‍ എല്ലാം സുഫിയുടെ ഏറ്റവും ആദ്രമായ മിഴികളില്‍ തുളുമ്പുന്ന നനവുള്ള സ്നേഹം അവളോട്‌ പറഞ്ഞു " മടയി , അരുത് , കുറച്ചു കൂടി ശ്രമിക്കൂ ..........ഇങ്ങനെ തോല്‍ക്കാനയിരുന്നോ ഇത്രനാള്‍ ........................." . " അല്ല " , ദൈവത്തോട് വളരെ സഹതാപത്തോടെ തെല്ലും അഹം കലരാതെ അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു , "എനിക്ക് ദുഖമില്ല ഈശ്വര , ഞാന്‍ അങ്ങയുടെ പാളിപ്പോയ സൃഷ്ട്ടി ..........അതിലങ്ങു വേദനിക്കാതിരിക്കുക , അവള്‍ അറിഞ്ഞിരുന്നു , അവള്‍ക്കായ് ദൈവത്തിന്‍റെ മിഴികള്‍ നിറഞ്ഞു ഒഴുകുന്നതായ് ...................
അവള്‍ ഏറ്റു   പറഞ്ഞു വീണ്ടും പൊരുതുന്നു .
നേര്‍ത്ത അടക്കിയ ശബ്ദത്തില്‍ 
സൂഫി  തന്‍റെ കവിതകള്‍ പാടി അലയുന്ന രാത്രികള്‍ , അവളുടെ ഉറക്കമില്ലായ്മക്ക് പോംവഴിയായ് , ആ പാട്ടുകള്‍ അവളില്‍ ജീവന്‍റെ സഹജമായ  സന്തോഷം നിറച്ചു , അവള്‍ ചിന്തിച്ചു താനുറങ്ങി എങ്കില്‍ എങ്ങനെ കേള്‍ക്കുമായിരുന്നു ആ ഗാനങ്ങള്‍ ......................ഒന്നും ഇല്ലായ്മയില്‍ നിന്നും പ്രപഞ്ചം തന്നെ ഉളവാക്കുന്ന പാട്ടുകള്‍ ....
സൂഫിയ്ക്ക് മരണമില്ലായിരുന്നു ....എത്രയോ നാള്‍ കല്ലെറിയ പെട്ടും , പരിഹസിക്കപ്പെട്ടും , സുഫി അലയുന്നു , സ്നേഹം പരിശുദ്ധം ആണന്നു പാടി പാടി ..........അവള്‍ പിടഞ്ഞു കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച ഓരോ പ്രാവിശ്യവും സുഫി അവളോട്‌ തന്‍റെയും തന്‍റെ തലമുറക്കാരുടെയും
കഥകള്‍ പറഞ്ഞു കൊടുത്തു . ത്യാഗം , സമര്‍പ്പണം , കരുണ സ്നേഹം , ഇവയൊക്കെ നേടികൊടുത്ത 
സൂഫി യുടെ ആത്മാവിലെ മുറിവുകള്‍ , അവളെ സ്വയം ആശ്വസിക്കാന്‍ അങ്ങനെ പ്രാപ്തയാക്കി . പുറമേ ഉണങ്ങിയെങ്കിലും , അകം കലിക്കുന്ന ആഴത്തിലാണ്ട മുറിവുകളെ അവള്‍ മറക്കാന്‍ പഠിച്ചു ..........സമര്‍ത്ഥമായി .....
ഉപ്പിന്‍റെ ഷാരതയുള്ള മണല്‍ കാട്ടിലൂടെയുള്ള തന്‍റെ ജീവിതത്തിന്‍റെ യാത്രയില്‍
സൂഫി  തന്നെ എന്തിനിത്ര സ്നേഹിക്കുന്നു ........അവള്‍ പലപ്പോഴും ചിന്തിച്ചു , ഹൃദയം നുറുങ്ങിയവരുടെ സ്നേഹിതനാണ് 
സൂഫി .......സുഫിയുടെ ചിരിയില്‍ അവിസ്രാന്തമായ  പരമ ശാന്തി അവള്‍ കണ്ടു , 
സൂഫിയുടെ   വാക്കിലെ വാത്സല്യം ഒരു നനുത്ത കാറ്റായും കരിമ്പടമായും മാറുമ്പോള്‍ അവളില്‍ നിന്നും തുടച്ചു മാറ്റപെട്ടത്‌ , ജന്മാന്തരങ്ങളിലെ കുറ്റവും ശിക്ഷയുമാണ് ...............ജനിച്ച നാളിന്‍റെ വൈശിഷ്ട്ട്യത്താല്‍ അമ്മയെ കാര്‍ന്നു തിന്ന ചെറിയ ഭൂതത്തിന്റെ മുഖമുള്ള കുഞ്ഞില്‍ നിന്നവള്‍ എത്ര വളര്‍ന്നു .
പിന്നെയും ചോദ്യങ്ങള്‍ അവളില്‍ ബാക്കിയായിരുന്നു , കുറ്റപ്പെടുത്തുന്നവരെ  മാത്രം  കണ്ടു വളര്‍ന്ന അവളെ 
സൂഫി  എങ്ങനെ മനസ്സിലാക്കുന്നു . അവളതു ആദ്യമായ്  ചോദിച്ച നാള്‍  സൂഫി  ഒന്നും മിണ്ടാതെ മടങ്ങി , തിരികെ വന്നപ്പോള്‍ 
സൂഫി  പറഞ്ഞു "ദൈവം തന്‍റെ ഹൃദയത്തിലെ ഒരു ഭാഗം ഈ ഭൂമിയിലെയ്ക്കയച്ചു , എല്ലാവരെയും സ്നേഹിക്കുവാന്‍ മാത്രമറിയുന്ന .....നീയായ്‌ ......നിന്‍റെ വലിയ കണ്ണുകളില്‍ തന്‍റെ പ്രതിച്ഛായ തിരയുന്ന ദൈവം എന്നോട് പറഞ്ഞു നിന്നെ തനിച്ചാക്കാതിരിക്കുവാന്‍ , ........................" അവളും സുഫിയും എന്തിനോ വേണ്ടി ചിരിച്ചു ,
സൂഫി  പറഞ്ഞു കൊണ്ടേയിരുന്നു അവള്‍ ആകാശത്ത് നോക്കി ഇരിക്കുമ്പോള്‍ ................നീ ഈശ്വരന്‍റെ , മിഴിനീരാണ് , !!
അവള്‍ ഒന്നും മിണ്ടാതെ മടങ്ങി  പ്പോരവേ , 
സൂഫി   പറഞ്ഞു  നിറുത്തി , " നീ ഈശ്വരന്‍റെ സ്നേഹമാണ് അതില്‍ പാപമില്ല , " 
സൂഫിയുടെ   പതിഞ്ഞു പതറിയ ചിരിക്കൊടുവില്‍ ,സുഫിപിന്നെയും പുലമ്പുന്നത്  പോല്‍    പറയുന്നതവള്‍ കേട്ടു ," നീ ഈശ്വരന്‍റെ ഭ്രാന്താണ് ..........ഭയക്കരുത് , ചിരിക്കു ..... കളങ്കമില്ലാത്ത കുഞ്ഞിന്റെ ചിരി ,കാരണം , നീ ഈശ്വരന്‍റെ ചിരിയാണ് "
ഭൂമിയില്‍ ഇനിയും വറ്റാത്ത നന്മയില്‍ ഒരു അണ്‌വായ് അവള്‍ മാറവേ ,  നിലാവില്‍ സൂഫി  പാടി പാടി നടന്നകന്നു .
"  സൂഫി നീയുള്ളപ്പോള്‍ എന്‍റെ ഭ്രാന്ത് എന്‍റെ അവകാശമാണ് , ഞാന്‍ ഞാനായതില്‍ തൃപ്തയാണ് "..................അവള്‍ വിളിച്ചു പറഞ്ഞു , "എന്‍റെ ഭ്രാന്തിനു ഞാന്‍ കടപെട്ടിരിക്കുന്നു !!!!!!!!!".

1 comment:

  1. നല്ല എഴുത്ത് തന്നെ. ഈ ബ്ലോഗ്‌ ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യൂ.

    ReplyDelete