Wednesday, February 16, 2011

കൂടുമാറ്റം

എത്രയോ കൂടുമാറ്റങ്ങള്‍
എത്രയോ വട്ടം പറഞ്ഞു പഴകിയ
ഒറ്റ വാക്യത്തില്‍ ഒതുങ്ങും
യാത്രാ മൊഴി 
എത്ര കടവുകള്‍ എത്രയോ തോണികള്‍ 
എത്രയോ ജീര്‍ണിച്ച നഗരകവാടങ്ങള്‍
എത്രയോ വട്ടം താണ്ടിയ നടവഴി
എത്രയോ നിയോണ്‍ വസന്തങ്ങള്‍
ചെത്തി മിനുക്കിയ അധോമുഖപാതകള്‍

എങ്ങും നിലയ്ക്കാത്ത ചുവടു ഉറയ്ക്കാത്തോരീ യാനം
പാഥേയം എന്നുമീ ഓര്‍മ്മകള്‍
ഒട്ടു നുണയാന്‍ കൊതിക്കും മധുരങ്ങള്‍
പിന്നെ കയ്യ്ക്കുന്നനൊമ്പര ചിന്തുകള്‍
ഇന്നുമുണങ്ങാതെ അകം കലിക്കും ചില
നീറും മുറിവുകള്‍
നേര്‍ത്ത നഖക്ഷതം പോല്‍
മുറിപാടുകള്‍
എന്തിനോ വേണ്ടി കുറിച്ച വിലാസങ്ങള്‍
പാടെ മറക്കുവാനായ് മാത്രം മനസ്സിന്‍റെ
താളില്‍ പകര്‍ത്തിയ കാവ്യ ശകലങ്ങള്‍
പകുതിയില്‍ കയ്യ് വിടും ഉപഹാര ജാലങ്ങള്‍
ഇല്ല സുഹൃത്തേ
നിന്‍ കണ്ണുനീര്‍ വീണൊരാ ചന്ദന തൂവാല
ഇന്നും എന്‍ നെഞ്ചിനെ ചുട്ടു നീറ്റി കൊണ്ട്
പേറുന്നു പ്രാണന്‍റെ മാറാപ്പില്‍ ഇന്നും ഞാന്‍ ..................

വെറുതെ, വെറും വെറുതെ

ഒരു നിമിഷം  കൊണ്ട് എന്‍റെ ലോകം  
നിറങ്ങളാല്‍ നിനക്ക് ജീവന്‍ നല്‍കാം 
ഒരു നിഴല്‍ കോറിയിട്ടു .........ഒരു വരയില്‍  സ്നേഹത്തിന്‍റെ നിറം പാകി ,
എന്നിട്ടും നീ എന്നെ മറന്ന പോല്‍ നടിക്കുന്നു 
ഒരു നിമിഷം കൊണ്ടെന്‍റെ ചുണ്ടില്‍
നിനക്ക് നക്ഷത്രങ്ങള്‍ വിരിയിക്കാം 
ഒരു പൂവ് എനിക്കായ് നീട്ടി ....
ഒരു പൂചെണ്ടില്‍ സ്നേഹത്തിന്‍റെ നറുഗന്ധംചാര്‍ത്തി ....
എന്നിട്ടും നീ എന്നെ കാണുവാന്‍ മടിക്കുന്നു
ഒരു നിമിഷം കൊണ്ട് എന്‍റെ ഹൃദയം
വാക്കിനാല്‍ നിനക്ക് കവരാം
ഒരു വരി കുറിച്ച്
ഒരു അക്ഷരത്തിലെങ്കിലും എന്നെ കുറിച്ചെഴുതി ....
എന്നിട്ടും നീ എന്നെ കേള്‍ക്കുവാന്‍ മടിക്കുന്നു
ഒരു തലോടല്‍
ഒരു നോട്ടം
ഒരു വിരല്‍ സ്പര്‍ശം
ഇതു മാത്രം കൊതിച്ചിട്ടും, വിലയില്ലാത്തൊരു ഉപഹാരം പോലും 
നീ എനിക്ക് നല്‍കുവാന്‍ മടിക്കുന്നു
വെറുതെ വെറും വെറുതെ .......
 

Saturday, January 22, 2011

അന്തകവിത്ത്

"പൊതു ജനം എന്ന കഴുത  ഏതു വിഴുപ്പും ചുമക്കുന്ന നാട്ടില്‍ , ദാ , അന്തക വിത്തും എത്തുവാന്‍ പോകുന്നു . ശാസ്ത്രത്തിന്‍റെ പേരില്‍  ഏതു കാകോള വിഷവും അടിമത്തം ജനതികത്തില്‍ അലിഞ്ഞു പോയവര്‍ വാങ്ങി കുടിക്കും ." .
വിത്ത്‌  വിവാദം ചാനലുകള്‍ ആഘോഷിക്കുമ്പോള്‍ , മൂന്നാമത്തെ സിഗ്രറ്റും പുകച്ചു കൊണ്ടു പവിത്ര ആത്മഗതം എന്ന വണ്ണം പറഞ്ഞു . അവര്‍ വരുമ്പോള്‍ അവര്‍ക്ക് ചുറ്റും വില കൂടിയ സിഗരറ്റിന്റെ ഗന്ധം തങ്ങി നില്‍ക്കും , ജീവിതത്തില്‍ വല്ലാതെ ഒറ്റപെട്ടു പോയ ഒരു സ്ത്രീ എന്നതിലുപരി പവിത്ര ഒരു നല്ല ബിസിനസ്സു കാരിയായിരുന്നു , ഒരു കയ്യ് ലാപ് ടോപിലൂടെ പരതുമ്പോള്‍ , മറുകയ്യില്‍ എന്നും ഒരു പാതി എരിഞ്ഞ സിഗരറ്റും കാണും . നിസ്സന്ഗത നിഴലിക്കുന്ന അവരുടെ ചിരിയില്‍ ഉള്ളളിലെ കരുത്തു എടുത്തു കാട്ടുന്ന എന്തോ ഒന്നുണ്ടായിരുന്നു .
  പവിത്ര ഒരിക്കലും തനിച്ചല്ല വരാറുള്ളത് , കൂടെ ഋഷിയും കാണും , ഋഷി ഒരു പൂച്ച കുഞ്ഞിനെ പോലെ സോഫയില്‍ ചുരുണ്ട് കൂടും എന്നിട്ട് പവിത്രയും ഞാന്‍ എന്ന സേതുവിനെയും മാറി മാറി നോക്കി ഞങ്ങള്‍ പറയുന്നതെല്ലാം ശെരിയെന്ന മട്ടില്‍ തലയനക്കും .
പവിത്ര സംസാരിക്കുന്നത് കേള്‍ക്കുവാന്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നു . വൈരുദ്ധ്യങ്ങളോട് ഉള്ള എന്‍റെ അടുപ്പം എന്‍റെ ജീവിതത്തിലെ വിജയവും പരാജയവുമായിരുന്നു അത്  കൊണ്ട് തന്നെ , പവിത്രയെ പോലുള്ളവര്‍ എന്നിലേയ്ക്ക്    അറിയാതെ വന്നു ചേരും . എന്‍റെ ചിന്തകള്‍ നിലച്ചപ്പോള്‍ പവിത്ര തന്റെ സംസാരം തുടരുന്നതാണ് ഞാന്‍ കേട്ടത് , " വിദ്യാഭ്യാസം തീരെയില്ലാത്തവര്‍ , മന്ത്രിമാരാകുന്നത് വിരോധാഭാസമാണ് , പേ പിടിച്ച നായെ കൊന്നു കളയാം , പേ പിടിച്ച രാഷ്ട്രിയക്കാര്‍ , അവര്‍ പേ വിതറി  നാട് മുടിക്കും . "
എനിക്കറിയാം വളരുന്ന ആ ചര്‍ച്ചയുടെ രീതി , ഇനി സിദ്ധാര്‍ത്ഥന്‍റെ ഊഴമാണ് , പവിത്ര തുടങ്ങി കഴിഞ്ഞു . സിദ്ധാര്‍ത്ഥന്‍ നന്ദുവിന്‍റെ കാലും കയ്യും പരിശോധിച്ച്  തന്‍റെ
ചികിത്സ പ്രക്രിയകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് . ഇപ്പോഴും ഇളകി കൊണ്ടിരിക്കുന്ന തന്‍റെ കയ്യ്  നന്ദു സിദ്ധാര്‍ഥന്റെ ചുമലിലൂടെ ഇട്ട്‌ അവന്റ്റേതു മാത്രമായ ലോകത്ത് അവനു മാത്രം അര്‍ത്ഥമാകുന്ന ഭാഷയില്‍ കലമ്പി കൊണ്ടിരുന്നു . ദൈവം കാട്ടുന്ന കൊച്ചു വികൃതി , ജനതിക മാറ്റത്തിന്റെ  ദുരന്ത പ്രതീകമായ് അവന്‍ വീല്‍ ചെയറില്‍ ഇരുന്നു .
അവന്‍റെ അച്ഛന്‍ ആരാണ് എന്ന് പവിത്ര ഞങ്ങളോട് പറഞ്ഞിട്ടില്ല , എന്‍റെയോ സിദ്ധാര്‍ഥന്റെ യോ രീതിയില്‍   അതറിയുക  ഒരു ആവശ്യമായിരുന്നില്ല . നന്ദു സിദ്ധാര്‍ഥന്റെ ഒരു patient  , പവിത്ര അവന്‍റെ അമ്മയും .
"നാളെ ഈ  രാഷ്ട്രീയക്കാര്‍ വേറെ പലതും പറയും " സിദ്ധാര്‍ത്ഥന്‍ മൌനമായത് കൊണ്ട് പവിത്ര തന്നെ  സംഭാഷണം  തുടര്‍ന്നു . ആംഗലേയ ചുവയുള്ള മലയാളം ......... "മൃഗങ്ങളുടെ വിത്ത് സൂക്ഷിക്കും പോല്‍ , അവയില്‍ ജനതിക മാറ്റം വരുത്തി ഏറ്റവും നല്ല ബ്രീഡ് നെ  സൃഷ്ടിക്കും പോല്‍ , നിന്‍റെ ഒക്കെ വിത്തും അവര്‍ ചോദിക്കും .........എന്നിട്ട് ജനതിക മാറ്റം വരുത്തി ഒരു പുതിയ പ്രോജെനി സൃഷ്ടിക്കും , ആണെന്നും പെണ്ണെന്നും ഇല്ലാത്ത ഒരു പുതിയ സൃഷ്ടി , പിന്നെ ഒരു സ്ത്രീയ്ക്കും തന്‍റെ ഭര്‍ത്താവിന്‍റെ മുഖച്ചായയിലുള്ള കുട്ടിയുണ്ടാവില്ല 
ഏതെങ്കിലും മുന്തിയ ഇനം ജീനിയസ്സിന്‍റെ ച്ചായയില്‍ ................".ഞാന്‍ ചിരിച്ചു പോയ്‌ , ആ പരാമര്‍ശം കേട്ട്  .
" വെറുതെ പറയാം എന്നല്ലാതെ എന്ത് പ്രയോജനം പവിത്ര " സിദ്ധാര്‍ത്ഥന്‍ ടിഷ്യു കൊണ്ട് നന്ദുവിന്റെ പുറത്തേയ്ക്ക്  തള്ളിയ നാവില്‍ നിന്നും ഒലിച്ചു വരുന്ന  തുപ്പല്‍ തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു . നന്ദു അവ്യക്തമായ്‌ പലതും പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു .
കുത്തക രാഷ്ട്രങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങള്‍ ...........സിദ്ധാര്‍ത്ഥന്‍  തുടര്‍ന്ന് , അന്ന് ഈസ്റ്റ്‌ ഇന്ത്യ കമ്പനി , ഇന്ന് പുതിയ ചില കരാറുകള്‍ ,  . " സെക്കുലറിസത്തിന്റെ  മുഖം മൂടി അഴിഞ്ഞു വീണാല്‍ , ഇന്ത്യ യുടെ ഇപ്പോഴത്തെ മുഖം കാണാം .............."
ഋഷി ആദ്യമായ് മുരടനക്കി ,.പവിത്ര ഏറ്റു പിടിച്ചു തുടര്‍ന്നു .
" ബിസിനസ്സ് തന്നെ , ജനതിക മാറ്റമുള്ള വിത്ത് , പ്രജനനം അറ്റ പാഴ് വസ്തുവാണ് , ആത്മഹത്യയുടെ വക്കില്‍ നില്‍കുന്ന പാവപെട്ട ഇന്ത്യന്‍ കര്‍ഷകരുടെ മേല്‍ പണക്കാരന്‍ അടിച്ചേല്‍പ്പിക്കുന്ന പാശ്ചാത്യ കുതന്ത്രം . , സിദ്ധു , സേതു , വംശ ഹത്യയുടെ ചെറിയ സാമ്പിള്‍ ആണിത് .  
ഋഷി പറഞ്ഞു " പവിത്ര  നീയൊരു ഭീകര വാദിയെ പോല്‍, സംസാരിക്കുന്നു , "
"മന്നാംകട്ടി" പവിത്ര പറഞ്ഞു
ആരാണ് യഥാര്‍ത്ഥ ഭീകര  വാദി , പവിത്ര സിഗരട്ട് കുത്തികെടുത്തി , ആഷ്ട്രേയില്‍ നിക്ഷേപിച്ചു ഒരു പ്രാസംഗികയെ പോലെ ശബ്ദം ഉയര്‍ത്തി , genocideചെയ്യുനതാരാണ് ? ഒരു മതത്തെയോ , സംസ്കാരത്തെയോ മുദ്ര കുത്തി , വന്‍ കച്ചവട സാധ്യതകള്‍ ഉണ്ടാക്കുന്നത് ആരാണ് ?
പവിത്രയുടെ ആത്മരോഷം  മനസ്സിലാകുന്നത്‌ കൊണ്ട് ഞങ്ങള്‍ മൌനം പാലിച്ചു .
എലക്കായിട്ട ചായ , ഞാന്‍ ഋഷിക്കും സിദ്ധാര്‍ത്ഥനും നല്‍കി , ഒടുവില്‍ പവിത്രക്കും നീട്ടി ,
അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു , "താങ്ക്യു ഡിയര്‍ , യു know  സേതു , I boozed a lot yesterday ."

എനിക്ക് ബാക്കി ഊഹിക്കുവാന്‍ കഴിയും , പാര്‍ട്ടികളില്‍ വലുപ്പ ചെറുപ്പം നോക്കാതെ , വളരെ അധികം മദ്യപിച്ചു വായില്‍ വരുന്നതെല്ലാം വിളിച്ചു കൂവുന്ന പതിവ് പവിത്രയുടെ ദൌര്‍ബല്യമാണ് , വീട്ടിലെത്തിയാല്‍ അവര്‍ ശര്‍ദ്ധിച്ചും കാണും , എനിക്കറിയാം ഋഷി അവരെ പരിച്ചരിച്ചിട്ടും ഉണ്ടാവും , നിത്യ സംഭവങ്ങള്‍ ആണവ . ഒരു കരാറും ഒപ്പിടാതെ ആ ബന്ധം അവരുടെ ഇടയില്‍ നില നിന്നു , ആര്‍ക്കു ആരെയാണ് ആവശ്യം എന്നതിലുപരി , അമ്മയുടെ മുഖമുള്ള പവിത്രയോടു  ഋഷിക്കുള്ള ആരാധനയും , അവരുടെ സാമീപ്യത്തില്‍ ഉളവാകുന്ന സുരക്ഷിതത്വ ബോധവും ആകണം പ്രധാനമായും അവരുടെ ബന്ധത്തിന്റെ ആധാരം . വിചിത്രമായ ലോകത്തെ വിചിത്രമായ ബന്ധങ്ങള്‍ .
സിദ്ധാര്‍ത്ഥനോട് ആണ് പവിത്ര പിന്നെ സംസാരിച്ചത് , " എന്തായ്‌ നിന്‍റെ സ്റ്റഡി , നിനക്ക് doctrate  നേടി തരാന്‍ പോകുന്ന കാരണമില്ലാതെ ഉണ്ടാകുന്ന മഹാ രോഗത്തിന്‍റെ പഠനം
അത് ചോദ്യമാണോ കുറ്റപ്പെടുത്തല്‍  ആണോ എന്ന് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല , അത്ര കയ്യ്പായിരുന്നു ആ വാക്കുകളില്‍ , ആരുടേയും മറുപടി കാക്കാതെ അവര്‍ തുടര്‍ന്നു " കാര്യ കാരണങ്ങളില്ലാത മഹാ രോഗങ്ങള്‍ ,ഇത്ര നാളും ഇന്ത്യയെ തൊട്ടിട്ടില്ലായിരുന്നു . പക്ഷെ ഇനി അങ്ങനാവില്ല , അത്തരം രോഗങ്ങള്‍ക്കുള്ള വില കൂടിയ മരുന്നുകള്‍ , കുത്തക രാഷ്ട്രങ്ങള്‍ നിര്‍മിക്കുകയല്ലേ , അത് ഏറ്റവും ജന സംഖ്യയുള്ള ഇന്ത്യയില്‍ ചിലവാക്കുവാന്‍ കഴിഞ്ഞാലുണ്ടാക്കുവാന്‍ കഴിയുന്ന ലാഭം വളരെ ആണ് , മാത്രമല്ല അത് ഇന്ത്യയുടെ സാമ്പത്തിക വളര്ച്ചയ്ക്കിടവുന്ന വന്‍ തടയാണ്‌. തലമുറകള്‍ ജനതിക വൈകല്യങ്ങള്‍ കൈമാറി നശിച്ചു കൊള്ളും . "
"പവിത്ര "........ഞാന്‍ അറിയാതെ ഇട പെട്ടു 'ചായ കുടിക്കൂ ", ഞാന്‍ പറഞ്ഞു ,അവര്‍ പക്ഷെ ലാപ്‌ ടോപ്പില്‍ ഒന്ന് പരതി അടുത്ത സിഗ്രട്ടിനു തീ കൊടുത്തു തുടര്‍ന്നു , "സിദ്ധു അം ഐ റൈറ്റ് . , ആര് കണ്ടു ജനതിക മാറ്റമുള്ള വിത്തുകള്‍ ഈ രോഗങ്ങള്‍ വരുത്തി വെക്കില്ലാന്നു , ഇതിനായ്‌ ആഹ്വാനം ചെയ്യുന്നവര്‍ , വന്‍ കുത്തക സ്ഥാപനങ്ങളുടെ പിമ്പുകള്‍ ആയിരിക്കും.
പവിത്ര ഒന്ന് നിറുത്തി , അണച്ചു , ഋഷിയും വല്ലാതെ അസ്വസ്താനായ്  പവിത്രയുടെ പൊട്ടിത്തെറി തുടരവേ .
സിദ്ധാര്‍ത്ഥന്‍ മാത്രം ശാന്തമായ് തന്റെ ജോലി തുടര്‍ന്ന് , കീപ്‌ യുവര്‍ കൂള്‍ , എന്ന് പതുക്കെ മന്ത്രിച്ചു  കൊണ്ട് . അത് സിദ്ധാര്‍ഥന്റെ രീതിയാണ് , പവിത്ര സോഫാ വിട്ടു സിദ്ധാര്‍ത്ന്‍റെയും
കുട്ടിയുടെയും അരുകിലെത്തി , പറഞ്ഞു , സിദ്ധു , വീല്‍ ചെയറില്‍ ഇഴയുന്ന ഒരു തല മുറ ഭക്ഷണത്തിനും  മരുന്നിനുമായ്  ലോകരാക്ഷസനോട് കെഞ്ചുന്ന ഒരു നാളെ നമ്മള്‍ കാണും , അത്  , വിദൂരമല്ല ..........
"അന്തക വിത്താണ് അത് , സേതു ," പവിത്ര വിറയ്ക്കുന്ന ചുണ്ടുകളോടെ  പറഞ്ഞു ,
ഞാന്‍ കേട്ട് കൊണ്ടിരുന്നു .......".a genocide which could be done through genetically mutated seedlings."
നിനക്ക് ബിസിനസ്സ് അറിയില്ല സേതു ,,പവിത്ര എന്നോടായ് പറഞ്ഞു , പുക വലയങ്ങള്‍ കുള്ളിലിരുന്നു , യുദ്ധം പോലും ഇന്ന് ബിസിനസ്സ് ആണ് , പുതിയ ആയുധങ്ങള്‍ , ഓരോ മഹാരോഗങ്ങള്‍ , അവയ്ക്കായ് പുതിയ മരുന്ന് , വളരുന്ന ആയുധ മാഫിയ , മരുന്ന് കമ്പിനികള്‍ , ലോകത്തുള്ള സമ്പത്ത് മുഴുവന്‍ തങ്ങള്‍ക്കു , അധീനമാക്കുവാന്‍ , ചിലര്‍ നടത്തുന്ന ബിസിനസ്സാണ് ലോകം ഇന്ന് നേരിടുന്ന ശാപം ,
സിദ്ധാര്‍ത്ഥന്‍ തന്‍റെ ജോലി നിറുത്തി , പവിത്രയുടെ ഇരു ചുമലിലും കൈയ്യ്  വച്ച് , ആ മിഴികളിലെയ്ക്ക് നോക്കി പറഞ്ഞു , calm down ........please calm down .......
പവിത്ര ഒന്നും ചിന്തിക്കാതെ , സിദ്ധാര്‍ഥനെ കെട്ടിപുണര്‍ന്നു പൊട്ടി കരഞ്ഞു , ആ സമയത്ത് , സിദ്ധാര്‍ത്ഥന്‍ ചെയ്തത് ശരിയാണന്നു , തോന്നി , ആയിരം സാന്ത്വനങ്ങളുടെ ഗുണം ചെയ്യും ചിലനേരം ഒരു സ്പര്‍ശം .
നന്ദു തന്‍റെ വികൃത സ്വരത്തില്‍ , എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു , ജനതിക  വൈകല്യങ്ങള്‍ തകര്‍ത്തു ഉടച്ച ജീവിതങ്ങളുടെ ബാക്കി പത്രങ്ങളായ് പവിത്രയും നന്ദുവും ,.......... അന്തക വിത്തുകള്‍ തല്ലി കോഴിക്കുവാന്‍ പോകുന്ന നാളെകളുടെ , പ്രതീകം പോലെ , ഒരു വെളിപാട്‌ പോലെ .............................

Wednesday, January 5, 2011

35 ആം വയസ്സും 78 കിലോയും

മിത്ര , തിരയുകയാണ് ......അവ്ലദ്ദോണ, അല്‍ - രിദ്ധ , ലുലു .......പൂര്‍ണമായും, സുവ്യക്തമായും . വസ്ത്രങ്ങളുടെ വലിപ്പ ചെറുപ്പങ്ങള്‍ മിത്രയെ അമ്പരപ്പിച്ചു കൊണ്ട് ഒരു ജന്മദിനം അലം കൊലമാക്കുകയായിരിന്നു . കാലടികളില്‍ വേദന തോന്നി തുടങ്ങിയതിനാലാകണം അനിരുദ്ധന്‍ മിത്രയോടു ചോദിച്ചു പോയത് , " മിത്ര നിനക്ക് ഞാന്‍ സാരി വാങ്ങി തരട്ടെ ......."
മിത്ര ഒരിക്കലും സാരിയുടുക്കാന്‍ ഇഷ്ടപെട്ടിരുന്നില്ല , സാരി ഉടുക്കുംപോള്‍ താന്‍ സുന്ദരിയാണെന്ന് അറിയാഞ്ഞിട്ടല്ല ....... സാരിയുടുപ്പിന്റെ സാങ്കേതിക വശങ്ങള്‍ അവള്‍ക്കന്യമായിരുന്നു .
ദൈവം വത്യസ്തമായ് സൃഷ്ട്ടിച്ച താന്‍ വ്യ്തസ്തയായിരിക്കണം എന്ന് മിത്ര ആഗ്രഹിച്ചു .
ഈശ്വര , ഇതെന്തു മറിമായം , തനിക്കു പാകമാകുന്ന വസ്ത്രങ്ങള്‍ ഇല്ലാതായിരിക്കുന്നോ , മിത്ര അറിയാതെ ചോദിച്ചു ആരോടെന്നില്ലാതെ.
മിത്ര അനിരുദ്ധന്‍റെ സ്വരത്തിലെ ഈര്‍ഷ്യ തിരിച്ചറിഞ്ഞു ....." ഈ വസ്ത്രങ്ങള്‍ എലെഗന്റ്റ് ആണ് ..........മിത്ര , നിനക്ക് ചേരില്ല എന്ന് മാത്രം ..."അവള്‍ക്കു കലശലായ ദേഷ്യം വന്നു , അപ്പോഴേക്കും അനിരുദ്ധന്‍ വാക്കുകളുടെ അതിര്‍ത്തി കടന്നു , നിരോധന മേഖലയും വിട്ടു സഞ്ചരിച്ചു തുടങ്ങി , " ഒരു ചെറിയ മുഖം , കണ്ടാല്‍ പ്രായം തോന്നില്ല , പിന്നെ ഒരു ചെറിയ ഉടല്‍ , പിന്നെയോ മേദസ്സു അതിന്‍റെ പൂര്‍ണാകാരം പൂണ്ടിരിക്കുവല്ലേ , കഷ്ടം ..........ഇത്തരം രൂപങ്ങള്‍ക്ക്‌ പറ്റിയ വേഷ വിധാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു .
അവള്‍ക്കു ആക്രോശിക്കുവാന്‍ തോന്നി " മനുഷ്യാ , ശരാശരി കേരള സ്ത്രീയെ നിങ്ങള്‍ കണ്ടിട്ടില്ലന്നാണോ ? artist  നമ്പൂതിരിയുടെ ചിത്രങ്ങള്‍ നോക്കു , ഇത് ആര്യ ദ്രാവിഡ സംസ്കാരത്തിന്‍റെ ഒരു കൈനീട്ടമാണ് , a blessing through the blend of culture .മെലിഞ്ഞ ക്ഷയരോഗം പിടിച്ച  പോലുള്ള   പുത്തന്‍ സുന്ദരികളെക്കാള്‍ എത്രയോ മടങ്ങ്‌ ഐശ്വര്യവതികള്‍ ആണ് പഴയ കുട്ടനാട്ടിലെ സ്ത്രീകള്‍ , മിത്ര തന്നോട് തന്നെ പറഞ്ഞു ,      പുറമേ    മൌനം പാലിച്ചു അവള്‍ കാറിന്‍റെ പിന്‍ സീടിലേക്ക് ചാഞ്ഞിരുന്നു . 
"മിത്ര", അനിരുദ്ധന്‍ പറയുന്നത് അവള്‍ കേട്ട് കൊണ്ടിരുന്നു , 48  കിലോയില്‍ നിന്നും നീ 78  കിലോയായ്‌ മാറിയിരിക്കുന്നു . നിന്‍റെ കൊളസ്ട്രോള്‍ .......................
മിത്ര തന്‍റെ കാതുകള്‍ വലിച്ചടച്ചു . ആവള്‍ ഒരിക്കലും ഒരു ശരാശരി ഗള്‍ഫു കാരിയായിട്ടില്ല . ഗള്‍ഫു ജീവിതത്തിന്‍റെ ഒഴുക്കില്‍ പെടാതെ ഒഴുക്കിനെതിരെ നീന്താന്‍ ആണ് അവളെന്നും ശ്രമിച്ചത് . ഗള്‍ഫു കാരന്‍റെ ഭാര്യ അയ്‌   ശരീരം ആസകലം സ്വര്‍ണം വാരിയണിഞ്ഞു ഓണാഘോഷങ്ങളില്‍ മാറ്റുരച്ചിട്ടില്ല . അനിരുദ്ധനും അതറിയാം .
മിത്രയെ അയാള്‍ ആദ്യമായി കാണുമ്പോള്‍ മിത്ര മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പാവം പെണ്ണായിരുന്നു . അന്ന് മിത്ര പല്ലുകളില്‍ braces  ധരിച്ചിരുന്നു . അനിരുദ്ധന്‍റെ പറച്ചില്‍ കേട്ടാല്‍ ഇന്ന്    അവള്‍ തീരാത്ത  ക്ഷുത്ത  പിപ്പാസയോടെ   ഗള്‍ഫു മൊത്തമായ്‌ ആഹരിച്ച് എന്ന് തോന്നും .
ഇരുപത്തിമൂന്നാം വയസ്സിലും മുപ്പത്തിയെട്ടു കിലോ മാത്രമായിരുന്ന മിത്ര അന്ന് നടത്തിയ തത്ര പാടുകള്‍ അവളോര്‍ത്തു പോയി , 3 മുട്ട , 4  ഏത്തപഴം , ചവനപ്രാശ്യം ., ശുദ്ധമായ പശുവിന്‍ നെയ്യ് , ഒരു കവര്‍ മില്‍മ പാലും ദിവസേന കഴിച്ചു , ദൈവത്തോട് കരഞ്ഞു വിളിച്ചുമാണ് തന്‍റെ തടി കാത്തതു , അന്നൊന്നും തടിയിലെ ചതി മിത്രക്കു അറിയില്ലായിരുന്നു
മിത്ര പതുക്കെ കാതുകള്‍ തുറന്നു , അനിരുദ്ധന്‍ പെയ്തു തീര്‍ന്നില്ല " ഫാറ്റ് ഫ്രീ , ലവണ തൈലം , മേടോവിന്‍ , കണ്ട പത്രാദി സ്ലിം ടി കല്‍ , ആഹ് , സൌന ബെല്‍ട്ടു , ഇനിയെതെങ്കിലും ബാക്കിയുണ്ടോ പരീക്ഷിക്കുവാന്‍ ......................"
താന്‍ ഈ കമ്പിനികള്‍ക്ക് ഒരു അപമാനമാണല്ലോ എന്നോര്‍ത്ത് മിത്ര തലകുനിച്ചിരുന്നു . തന്‍റെ മൌനം അനിരുദ്ധനെ കൂടുതല്‍ പ്രകൊപിപിക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെ മിത്ര പുറം കാഴ്ചകള്‍ കണ്ടിരുന്നു .
"   വായിലൂടെയാണ്    മിത്ര വണ്ണം വരുന്നത് , അതെങ്ങനെയാ ജഗത് ഭക്ഷകനായ കാലം നിന്‍റെ ഉള്ളില്‍ ഉണര്‍ന്നിരിക്കുവല്ലെ പിന്നെങ്ങനെ പറഞ്ഞാല്‍ കേള്‍ക്കും " അനിരുദ്ധന്‍ ഒന്ന് പറഞ്ഞു നിറുത്തി . മിത്രയുടെ കണ്ണുകള്‍ നിറഞ്ഞു .
ഗള്‍ഫു ജീവിതത്തിന്‍റെ മുഖ മുദ്രയായ k .f . c  , macdonald  , ഇവയൊന്നും താന്‍ കഴിക്കുന്നെയില്ല , വന്‍കിട fastfood  കള്‍ , പലതും ജനതിക മാറ്റം ചെയ്യപെട്ടവയാനെന്നും , ആരോഗ്യത്തിന്‍റെ അസ്ഥിവാരം തോണ്ടുന്ന   ഭകഷ്യ ആയുദ്ധമാണ് എന്ന്      മനസ്സിലാക്കിയിട്ടുമുണ്ട്‌ , എന്നാലും ...............മിത്ര ചിന്തിച്ചു , ചിന്തകള്‍ സ്വല്പം കാട് കയറുകയും ചെയ്തു , അവള്‍ ചിന്തിച്ചു രാജ്യം രാജ്യത്തിന്‍റെ മേല്‍ നടത്തുന്ന യുദ്ധ തന്ത്രങ്ങള്‍ പലയിനമാണ് , ഭകഷ്യ ആയുധം അതിലൊന്ന് മാത്രം . പുതിയ ഭകഷ്യ ശീലങ്ങള്‍ , പുതിയ രോഗങ്ങള്‍ ,പുതിയ മരുന്നുകള്‍ , മരുന്ന് കമ്പിനികള്‍ , വളരുന്ന ആഗോള രാക്ഷസന്‍ .
മിത്ര കണ്ണുകള്‍ തുടച്ചു .ഒക്കെ സിദ്ധുവിനോട് പറയണം , തന്‍റെ ഹൃദയത്തിന്‍റെ സഞ്ചാര ഗതിയുമായ് താദ്ധത്മ്യമുള്ള ഹൃദയമുള്ളത്  അവനാണ് . ചെറുതായ് ഉന്തി മുന്‍പോട്ടായ വയറും ഉലഞ്ഞു നീങ്ങുന്ന പിന്‍ ഭാഗങ്ങളും അവളെ മിത്രയല്ലാതാക്കില്ലല്ലോ , സമാനതകളിലും സമാന്തരങ്ങളിലും  നിലനില്കുന്ന സൗഹൃദം   മിത്രയുടെ ജീവശാസ്ത്രം വ്ത്യാനങ്ങള്‍ മൂലം മാറുകയില്ലല്ലോ എന്നോര്‍ത്ത് മിത്ര തെല്ലൊന്നു , ആശ്വസിച്ചു , ആ ആശ്വാസം ഏറെ നേരം നിന്നില്ല . മിത്രയുടെ ചിന്തകള്‍ അവള്‍ നേരത്തെ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ എത്തി  ഹുദ അബ്ദുള്ളയുടെ  വയറിന്‍റെ ചുറ്റുമുള്ള മുറിവിനു മേല്‍ ആ ചിന്തകള്‍ തങ്ങി നിന്നു . അവള്‍ പല വട്ടം അവ വൃത്തിയാക്കിയിട്ടുണ്ട് , വയറിന്‍റെ മടക്കുകളില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്തു വയറിന്‍റെ വ്യാസവും വലിപ്പവും കുറയ്ക്കുന്ന operation  ന്‍റെ വടുക്കള്‍ പഴുത്തു
വൃണം ആയ് മാറിയിരുന്നു . പഴുപ്പ് നീക്കം ചെയ്തു ഒരു  ശീല antibiotic  ല്‍ മുക്കി ആ മുറിവായില്‍ തിരുകുക  അങ്ങനെ  പല രീതിയില്‍ ആ മുറിവുണക്കാന്‍ ഉള്ള തത്ര പാടില്‍ ആ പാവം സ്ത്രീയുടെ ഭയങ്ങളിലേയ്ക്കും ആശങ്കകളിലേക്കും മിത്ര ആഴ്ന്നിറങ്ങി പോയിരുന്നു . ഉപേക്ഷിക്ക പെട്ടെക്കാമെന്ന 40  കാരിയായ ആ സ്ത്രീയെ  ഈ നിലയില്‍ എത്തിക്കുമെന്ന് മിത്ര മനസ്സിലാക്കി . ഈശ്വരാ , സൌന്ദര്യത്തിനു ഇത്ര വിലയോ ?
വയറിന്‍റെ മുകളില്‍  
രൂപപെടുന്ന മടക്കുകള്‍ , ഒന്ന് , രണ്ടു , മൂന്നു ,......................  ഒരു  കാര്യത്തില്‍ മിത്ര ആശ്വസിച്ചു . കൃത്യമായ് ബോഡി മാസ്സ് index  കണക്കു കൂട്ടി  ശകാരിക്കുകയും , ജീവിതം ക്യാരറ്റും
കുകുംബെര്‍ ഉം  കൊണ്ട് ദുസ്സഹമാക്കുമെന്നോഴിച്ചാല്‍ അനിരുദ്ധന്‍ `അവളെ തീവ്രമായ് സ്നേഹിച്ചിരുന്നു . അപകടം പിടിച്ച ഒരു ഗര്‍ഭവും അതിനായുള്ള   hormone    ചികിത്സയും ചെയ്ത ക്രൂരതയാണ് മിത്രയുടെ നേര്‍വരകളില്‍ വന്ന മാറ്റത്തിന് കാരണം എന്ന് മിത്രയെക്കാള്‍ അയാള്‍ക്കറിയാമായിരുന്നു . പക്ഷെ അനിരുദ്ധന് മിത്രയുടെ വിശപ്പിനെ ഭയമായിരുന്നു ..നരകത്തില്‍ എന്ന  പോലെ  കോഴികളെ കമ്പിയില്‍ കോര്‍ത്ത്‌ ഗ്രില്‍ ചെയ്യുന്ന egyptian  സ്ടാളുകള്‍ എത്തുമ്പോള്‍ അനിരുദ്ധ ന്‍റെ കാല്‍ അറിയാതെ accelerator  ല്‍ പതിയും , മിത്ര കാണാതിരിക്കട്ടെ എന്നോണം . മിത്രയുടെ ചിന്ത , വീണ്ടും  വയറിനും വയര്‍ കുറയ്ക്കാനായി   പെടാ പാട്പെടുന്നവരിലെത്തി ...............അമാശയത്തിന്നു മേല്‍ ഒരു വളയംഅണിഞ്ഞു  വിശപ്പിനെ കിഴടക്കാന്‍ ശ്രമിച്ചു മരണത്തോട് മല്ലടിച്ച കൌള യുടെ രൂപം മിത്രയുടെ മുന്നില്‍ മിന്നി മാഞ്ഞു , എന്‍റെ അമ്മേ .................മിത്ര വിളിച്ചു പോയി ...... അമ്മയുടെ വലിയ പതുപതുത്ത വയര്‍ അവളോര്‍ത്തു , അമ്മ മരിച്ചതില്‍ പിന്നെ അച്ഛമ്മയെ കേട്ടിപിടിച്ചാണ് മിത്ര ഉറങ്ങിയിരുന്നത് . പ്രസവിച്ചും , മുലപ്പാല്‍ ച്ചുരത്തിയും നേര്‍മയുള്ള അയഞ്ഞ അവരുടെയൊക്കെ ശരീരങ്ങള്‍ ..........................................
തന്‍റെ ചിന്തകളില്‍  നിന്നും മിത്ര ഉണര്‍ന്നത് അനിരുദ്ധ ന്‍റെ  വാക്ധാര കേട്ട് കൊണ്ട് തന്നെയാണ് .  " മിത്ര നിനക്ക് നടക്കുവാന്‍ മടിയാണ് , വാങ്ങിയ tredmill  നീ കേടാക്കി , ജിമ്മിനു വിട്ടു അത്   പാതിയില്‍     നിറുത്തി , നിന്നെ ആര്‍ട്ട്‌ ഓഫ് ലിവിങ്ങിനു വിട്ട പൈസ .....................നീ നന്നാവില്ല "അതാ,   മിത്ര ഓര്‍ത്തു ,അനുഗ്രഹവും കിട്ടി എത്ര മനോഹരമായ ജന്മ ദിനം ! "ഇനി എന്ത് വേണം ഞാന്‍ " അനിരുദ്ധ ന്‍റെ ചോദ്യത്തിന് ഇങ്ങനെ മറുപടി പറയണം എന്നവള്‍ക്കുണ്ടായിരുന്നു " ശൂന്യത ഞാന്‍ തിന്നു തീര്‍ക്കുകയാണ് , എനിക്ക് മടങ്ങണം , ആനി എന്‍റെയും  നിന്‍റെയും ഗ്രാമത്തിലേക്ക് , മിത്ര എന്ന സാമൂഹിക ജീവിയായ് എനിക്ക് രൂപാന്തരം പ്രാപിക്കണം , നേട്ടങ്ങളുടെ കണക്കു വെക്കാത്ത പാവം മിത്ര എന്ന അദ്ധ്യാപിക  വീണ്ടും ആകണം .
കാറില്‍ നിന്നിറങ്ങി നടക്കവേ മിത്ര ഒരു വെളിപാട്‌ പോലെ ഒരു കാര്യം ഓര്‍ത്തു , ഈ തടി എനിക്ക് ചേരുന്നു, ഞാന്‍ എന്തിനിത്ര തല പുകയ്ക്കണം , ഇപ്പോള്‍ ഒരമ്മയുടെ വാത്സല്യമുള്ള മുഖമാണ് എനിക്ക് ആ ചിന്ത ഒരു വലിയ മഴയായ് അവളില്‍ പെയ്തു , അനിരുദ്ധ ന്‍റെ  കരങ്ങള്‍ അവളെ തോട്ടുനര്തുമ്പോള്‍ അവള്‍ ചിരിക്കുകയായിരുന്നു .
"നീ എഇരൊബിക്സ ചെയ്യുന്നുണ്ടോ ?" അവള്‍ മൌനം .
"അതും വെറുതെയായ്"മിത്രയെന്ന മുപ്പത്തഞ്ചു വയസ്സ് കാരി വെറും മൂന്നു വയസ്സ് കാരിയാണ് എന്ന് അനിരുദ്ധന്‍ വ്യാഖ്യാനിക്കുന്നതും സ്വയം ചിരിക്കുന്നതും അവള്‍ തന്‍റെ ചിന്തയുടെ ജാലകത്തിലൂടെ കണ്ടു .
അനിരുദ്ധന്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു , " ഈ വണ്ണം , നിന്‍റെ രക്ത കുഴലുകള്‍ ................."

Monday, January 3, 2011

ഈശ്വരന്‍റെ ചിരി

ചെങ്കുത്തായ പാറയുടെ മുനമ്പ് . അതിന്‍റെ ഭീകരവും വന്യവുമായ സൌന്ദര്യം . എങ്ങോ കുതിച്ചൊഴുകുന്ന അരുവിയുടെ കാതടപ്പിക്കുന്ന ആരവം . കണ്ണുകള്‍ തുറക്കുവാന്‍ അവള്‍ക്കായില്ല . ഇറുക്കി കണ്ണുകളടച്ചു തന്‍റെ പേടിച്ചരണ്ട ഹൃദയം മിടിക്കുന്നത്‌ അവള്‍ കേട്ടു . താഴേയ്ക്ക് അവള്‍ നോക്കിയില്ല , താഴെ പുക മഞ്ഞിന്‍റെ നിറമുള്ള മരണം ...........അല്ല ഭാവി .....അല്ല നാളെകള്‍ .......
പെട്ടന്ന്  അവള്‍ തന്‍റെ കാതുകളില്‍ മന്ത്രിക്കും പോല്‍ കേട്ടു , 
 സൂഫിയുടെ   സ്വരം ! "ഭയക്കരുത് , ഭയന്നാലും മരിക്കും ഭയന്നില്ലെങ്കിലും മരിക്കും , അതിനാല്‍ ഭയക്കാതിരിക്കു ...................."
മഴയിരമ്പി വന്നു , മിന്നല്‍ പിണര്‍ കെട്ടി പുളഞ്ഞു കൊണ്ടു ഇടിയുടെ ഹൂങ്കാരത്തില്‍ അവസാനിച്ചു . സുഫിയുടെ വാക്കുകള്‍ , സിത്താറിന്റെ ഈണം പോലെ കേള്‍ക്കുമ്പോള്‍ അവളെന്തിനു ഭയക്കണം . അനശ്വരനായ, അവളുടെ സന്തത സഹചാരിയായ  ഭ്രാന്തന്‍ സന്ന്യാസിയുടെ ഏറ്റവും ആദ്രതയുള്ള സ്വരം ,അവയ്ക്ക് വെളിപാടുകളുടെ , പ്രവചനങ്ങളുടെ ശക്തിയുണ്ട് എന്നാ തിരിച്ചറിവ് അവളുടെ കരുതും സാന്ത്വനവും ആയ്. ഹൃദയം വേദനിക്കുമ്പോള്‍ അവള്‍ ഉറക്കെ കരഞ്ഞു , ഒടുവില്‍ കരച്ചിലിന്‍റെ ഏറ്റവും ഒടുവില്‍ അവളില്‍ ഒരു നനുത്ത നിശ്വാസവും ചിരിയും ഉണരും വരെ .
സൂഫിയുടെ വിരല്‍ തുമ്പു പിടിച്ചവള്‍ ഒരു ചെറിയ കുട്ടിയെ പോലെ  നടന്നു , അവളുടെ നീണ്ട മുടിയിഴകള്‍ അഴിഞ്ഞുലഞ്ഞപ്പോള്‍ അവള്‍ തന്നെ പരിഹസിക്കാന്‍ മുതിര്‍ന്നവരെ നോക്കി ചിരിച്ചു . കാറ്റിനും കിളികള്‍ക്കും ഇലകള്‍ക്കും മണ്‍ തരികള്‍ക്കും തന്നോട് സംവേദിക്കുവാന്‍ ആകും എന്ന അറിവില്‍ അവള്‍   തന്‍റെ ഏകാന്തത മറന്നു . ഭ്രാന്ത്  തന്‍റെ  ഏറ്റവും മനോഹരമായ അവസ്ഥയാണ് എന്ന് അവള്‍ വിശ്വസിക്കുവാന്‍ ശ്രമിച്ചു .
ജീവിതത്തോട് മല്ലടിച്ചു തോല്‍ക്കുമ്പോള്‍ എല്ലാം സുഫിയുടെ ഏറ്റവും ആദ്രമായ മിഴികളില്‍ തുളുമ്പുന്ന നനവുള്ള സ്നേഹം അവളോട്‌ പറഞ്ഞു " മടയി , അരുത് , കുറച്ചു കൂടി ശ്രമിക്കൂ ..........ഇങ്ങനെ തോല്‍ക്കാനയിരുന്നോ ഇത്രനാള്‍ ........................." . " അല്ല " , ദൈവത്തോട് വളരെ സഹതാപത്തോടെ തെല്ലും അഹം കലരാതെ അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു , "എനിക്ക് ദുഖമില്ല ഈശ്വര , ഞാന്‍ അങ്ങയുടെ പാളിപ്പോയ സൃഷ്ട്ടി ..........അതിലങ്ങു വേദനിക്കാതിരിക്കുക , അവള്‍ അറിഞ്ഞിരുന്നു , അവള്‍ക്കായ് ദൈവത്തിന്‍റെ മിഴികള്‍ നിറഞ്ഞു ഒഴുകുന്നതായ് ...................
അവള്‍ ഏറ്റു   പറഞ്ഞു വീണ്ടും പൊരുതുന്നു .
നേര്‍ത്ത അടക്കിയ ശബ്ദത്തില്‍ 
സൂഫി  തന്‍റെ കവിതകള്‍ പാടി അലയുന്ന രാത്രികള്‍ , അവളുടെ ഉറക്കമില്ലായ്മക്ക് പോംവഴിയായ് , ആ പാട്ടുകള്‍ അവളില്‍ ജീവന്‍റെ സഹജമായ  സന്തോഷം നിറച്ചു , അവള്‍ ചിന്തിച്ചു താനുറങ്ങി എങ്കില്‍ എങ്ങനെ കേള്‍ക്കുമായിരുന്നു ആ ഗാനങ്ങള്‍ ......................ഒന്നും ഇല്ലായ്മയില്‍ നിന്നും പ്രപഞ്ചം തന്നെ ഉളവാക്കുന്ന പാട്ടുകള്‍ ....
സൂഫിയ്ക്ക് മരണമില്ലായിരുന്നു ....എത്രയോ നാള്‍ കല്ലെറിയ പെട്ടും , പരിഹസിക്കപ്പെട്ടും , സുഫി അലയുന്നു , സ്നേഹം പരിശുദ്ധം ആണന്നു പാടി പാടി ..........അവള്‍ പിടഞ്ഞു കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച ഓരോ പ്രാവിശ്യവും സുഫി അവളോട്‌ തന്‍റെയും തന്‍റെ തലമുറക്കാരുടെയും
കഥകള്‍ പറഞ്ഞു കൊടുത്തു . ത്യാഗം , സമര്‍പ്പണം , കരുണ സ്നേഹം , ഇവയൊക്കെ നേടികൊടുത്ത 
സൂഫി യുടെ ആത്മാവിലെ മുറിവുകള്‍ , അവളെ സ്വയം ആശ്വസിക്കാന്‍ അങ്ങനെ പ്രാപ്തയാക്കി . പുറമേ ഉണങ്ങിയെങ്കിലും , അകം കലിക്കുന്ന ആഴത്തിലാണ്ട മുറിവുകളെ അവള്‍ മറക്കാന്‍ പഠിച്ചു ..........സമര്‍ത്ഥമായി .....
ഉപ്പിന്‍റെ ഷാരതയുള്ള മണല്‍ കാട്ടിലൂടെയുള്ള തന്‍റെ ജീവിതത്തിന്‍റെ യാത്രയില്‍
സൂഫി  തന്നെ എന്തിനിത്ര സ്നേഹിക്കുന്നു ........അവള്‍ പലപ്പോഴും ചിന്തിച്ചു , ഹൃദയം നുറുങ്ങിയവരുടെ സ്നേഹിതനാണ് 
സൂഫി .......സുഫിയുടെ ചിരിയില്‍ അവിസ്രാന്തമായ  പരമ ശാന്തി അവള്‍ കണ്ടു , 
സൂഫിയുടെ   വാക്കിലെ വാത്സല്യം ഒരു നനുത്ത കാറ്റായും കരിമ്പടമായും മാറുമ്പോള്‍ അവളില്‍ നിന്നും തുടച്ചു മാറ്റപെട്ടത്‌ , ജന്മാന്തരങ്ങളിലെ കുറ്റവും ശിക്ഷയുമാണ് ...............ജനിച്ച നാളിന്‍റെ വൈശിഷ്ട്ട്യത്താല്‍ അമ്മയെ കാര്‍ന്നു തിന്ന ചെറിയ ഭൂതത്തിന്റെ മുഖമുള്ള കുഞ്ഞില്‍ നിന്നവള്‍ എത്ര വളര്‍ന്നു .
പിന്നെയും ചോദ്യങ്ങള്‍ അവളില്‍ ബാക്കിയായിരുന്നു , കുറ്റപ്പെടുത്തുന്നവരെ  മാത്രം  കണ്ടു വളര്‍ന്ന അവളെ 
സൂഫി  എങ്ങനെ മനസ്സിലാക്കുന്നു . അവളതു ആദ്യമായ്  ചോദിച്ച നാള്‍  സൂഫി  ഒന്നും മിണ്ടാതെ മടങ്ങി , തിരികെ വന്നപ്പോള്‍ 
സൂഫി  പറഞ്ഞു "ദൈവം തന്‍റെ ഹൃദയത്തിലെ ഒരു ഭാഗം ഈ ഭൂമിയിലെയ്ക്കയച്ചു , എല്ലാവരെയും സ്നേഹിക്കുവാന്‍ മാത്രമറിയുന്ന .....നീയായ്‌ ......നിന്‍റെ വലിയ കണ്ണുകളില്‍ തന്‍റെ പ്രതിച്ഛായ തിരയുന്ന ദൈവം എന്നോട് പറഞ്ഞു നിന്നെ തനിച്ചാക്കാതിരിക്കുവാന്‍ , ........................" അവളും സുഫിയും എന്തിനോ വേണ്ടി ചിരിച്ചു ,
സൂഫി  പറഞ്ഞു കൊണ്ടേയിരുന്നു അവള്‍ ആകാശത്ത് നോക്കി ഇരിക്കുമ്പോള്‍ ................നീ ഈശ്വരന്‍റെ , മിഴിനീരാണ് , !!
അവള്‍ ഒന്നും മിണ്ടാതെ മടങ്ങി  പ്പോരവേ , 
സൂഫി   പറഞ്ഞു  നിറുത്തി , " നീ ഈശ്വരന്‍റെ സ്നേഹമാണ് അതില്‍ പാപമില്ല , " 
സൂഫിയുടെ   പതിഞ്ഞു പതറിയ ചിരിക്കൊടുവില്‍ ,സുഫിപിന്നെയും പുലമ്പുന്നത്  പോല്‍    പറയുന്നതവള്‍ കേട്ടു ," നീ ഈശ്വരന്‍റെ ഭ്രാന്താണ് ..........ഭയക്കരുത് , ചിരിക്കു ..... കളങ്കമില്ലാത്ത കുഞ്ഞിന്റെ ചിരി ,കാരണം , നീ ഈശ്വരന്‍റെ ചിരിയാണ് "
ഭൂമിയില്‍ ഇനിയും വറ്റാത്ത നന്മയില്‍ ഒരു അണ്‌വായ് അവള്‍ മാറവേ ,  നിലാവില്‍ സൂഫി  പാടി പാടി നടന്നകന്നു .
"  സൂഫി നീയുള്ളപ്പോള്‍ എന്‍റെ ഭ്രാന്ത് എന്‍റെ അവകാശമാണ് , ഞാന്‍ ഞാനായതില്‍ തൃപ്തയാണ് "..................അവള്‍ വിളിച്ചു പറഞ്ഞു , "എന്‍റെ ഭ്രാന്തിനു ഞാന്‍ കടപെട്ടിരിക്കുന്നു !!!!!!!!!".