Wednesday, February 16, 2011

കൂടുമാറ്റം

എത്രയോ കൂടുമാറ്റങ്ങള്‍
എത്രയോ വട്ടം പറഞ്ഞു പഴകിയ
ഒറ്റ വാക്യത്തില്‍ ഒതുങ്ങും
യാത്രാ മൊഴി 
എത്ര കടവുകള്‍ എത്രയോ തോണികള്‍ 
എത്രയോ ജീര്‍ണിച്ച നഗരകവാടങ്ങള്‍
എത്രയോ വട്ടം താണ്ടിയ നടവഴി
എത്രയോ നിയോണ്‍ വസന്തങ്ങള്‍
ചെത്തി മിനുക്കിയ അധോമുഖപാതകള്‍

എങ്ങും നിലയ്ക്കാത്ത ചുവടു ഉറയ്ക്കാത്തോരീ യാനം
പാഥേയം എന്നുമീ ഓര്‍മ്മകള്‍
ഒട്ടു നുണയാന്‍ കൊതിക്കും മധുരങ്ങള്‍
പിന്നെ കയ്യ്ക്കുന്നനൊമ്പര ചിന്തുകള്‍
ഇന്നുമുണങ്ങാതെ അകം കലിക്കും ചില
നീറും മുറിവുകള്‍
നേര്‍ത്ത നഖക്ഷതം പോല്‍
മുറിപാടുകള്‍
എന്തിനോ വേണ്ടി കുറിച്ച വിലാസങ്ങള്‍
പാടെ മറക്കുവാനായ് മാത്രം മനസ്സിന്‍റെ
താളില്‍ പകര്‍ത്തിയ കാവ്യ ശകലങ്ങള്‍
പകുതിയില്‍ കയ്യ് വിടും ഉപഹാര ജാലങ്ങള്‍
ഇല്ല സുഹൃത്തേ
നിന്‍ കണ്ണുനീര്‍ വീണൊരാ ചന്ദന തൂവാല
ഇന്നും എന്‍ നെഞ്ചിനെ ചുട്ടു നീറ്റി കൊണ്ട്
പേറുന്നു പ്രാണന്‍റെ മാറാപ്പില്‍ ഇന്നും ഞാന്‍ ..................

വെറുതെ, വെറും വെറുതെ

ഒരു നിമിഷം  കൊണ്ട് എന്‍റെ ലോകം  
നിറങ്ങളാല്‍ നിനക്ക് ജീവന്‍ നല്‍കാം 
ഒരു നിഴല്‍ കോറിയിട്ടു .........ഒരു വരയില്‍  സ്നേഹത്തിന്‍റെ നിറം പാകി ,
എന്നിട്ടും നീ എന്നെ മറന്ന പോല്‍ നടിക്കുന്നു 
ഒരു നിമിഷം കൊണ്ടെന്‍റെ ചുണ്ടില്‍
നിനക്ക് നക്ഷത്രങ്ങള്‍ വിരിയിക്കാം 
ഒരു പൂവ് എനിക്കായ് നീട്ടി ....
ഒരു പൂചെണ്ടില്‍ സ്നേഹത്തിന്‍റെ നറുഗന്ധംചാര്‍ത്തി ....
എന്നിട്ടും നീ എന്നെ കാണുവാന്‍ മടിക്കുന്നു
ഒരു നിമിഷം കൊണ്ട് എന്‍റെ ഹൃദയം
വാക്കിനാല്‍ നിനക്ക് കവരാം
ഒരു വരി കുറിച്ച്
ഒരു അക്ഷരത്തിലെങ്കിലും എന്നെ കുറിച്ചെഴുതി ....
എന്നിട്ടും നീ എന്നെ കേള്‍ക്കുവാന്‍ മടിക്കുന്നു
ഒരു തലോടല്‍
ഒരു നോട്ടം
ഒരു വിരല്‍ സ്പര്‍ശം
ഇതു മാത്രം കൊതിച്ചിട്ടും, വിലയില്ലാത്തൊരു ഉപഹാരം പോലും 
നീ എനിക്ക് നല്‍കുവാന്‍ മടിക്കുന്നു
വെറുതെ വെറും വെറുതെ .......