Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, February 16, 2011

കൂടുമാറ്റം

എത്രയോ കൂടുമാറ്റങ്ങള്‍
എത്രയോ വട്ടം പറഞ്ഞു പഴകിയ
ഒറ്റ വാക്യത്തില്‍ ഒതുങ്ങും
യാത്രാ മൊഴി 
എത്ര കടവുകള്‍ എത്രയോ തോണികള്‍ 
എത്രയോ ജീര്‍ണിച്ച നഗരകവാടങ്ങള്‍
എത്രയോ വട്ടം താണ്ടിയ നടവഴി
എത്രയോ നിയോണ്‍ വസന്തങ്ങള്‍
ചെത്തി മിനുക്കിയ അധോമുഖപാതകള്‍

എങ്ങും നിലയ്ക്കാത്ത ചുവടു ഉറയ്ക്കാത്തോരീ യാനം
പാഥേയം എന്നുമീ ഓര്‍മ്മകള്‍
ഒട്ടു നുണയാന്‍ കൊതിക്കും മധുരങ്ങള്‍
പിന്നെ കയ്യ്ക്കുന്നനൊമ്പര ചിന്തുകള്‍
ഇന്നുമുണങ്ങാതെ അകം കലിക്കും ചില
നീറും മുറിവുകള്‍
നേര്‍ത്ത നഖക്ഷതം പോല്‍
മുറിപാടുകള്‍
എന്തിനോ വേണ്ടി കുറിച്ച വിലാസങ്ങള്‍
പാടെ മറക്കുവാനായ് മാത്രം മനസ്സിന്‍റെ
താളില്‍ പകര്‍ത്തിയ കാവ്യ ശകലങ്ങള്‍
പകുതിയില്‍ കയ്യ് വിടും ഉപഹാര ജാലങ്ങള്‍
ഇല്ല സുഹൃത്തേ
നിന്‍ കണ്ണുനീര്‍ വീണൊരാ ചന്ദന തൂവാല
ഇന്നും എന്‍ നെഞ്ചിനെ ചുട്ടു നീറ്റി കൊണ്ട്
പേറുന്നു പ്രാണന്‍റെ മാറാപ്പില്‍ ഇന്നും ഞാന്‍ ..................

വെറുതെ, വെറും വെറുതെ

ഒരു നിമിഷം  കൊണ്ട് എന്‍റെ ലോകം  
നിറങ്ങളാല്‍ നിനക്ക് ജീവന്‍ നല്‍കാം 
ഒരു നിഴല്‍ കോറിയിട്ടു .........ഒരു വരയില്‍  സ്നേഹത്തിന്‍റെ നിറം പാകി ,
എന്നിട്ടും നീ എന്നെ മറന്ന പോല്‍ നടിക്കുന്നു 
ഒരു നിമിഷം കൊണ്ടെന്‍റെ ചുണ്ടില്‍
നിനക്ക് നക്ഷത്രങ്ങള്‍ വിരിയിക്കാം 
ഒരു പൂവ് എനിക്കായ് നീട്ടി ....
ഒരു പൂചെണ്ടില്‍ സ്നേഹത്തിന്‍റെ നറുഗന്ധംചാര്‍ത്തി ....
എന്നിട്ടും നീ എന്നെ കാണുവാന്‍ മടിക്കുന്നു
ഒരു നിമിഷം കൊണ്ട് എന്‍റെ ഹൃദയം
വാക്കിനാല്‍ നിനക്ക് കവരാം
ഒരു വരി കുറിച്ച്
ഒരു അക്ഷരത്തിലെങ്കിലും എന്നെ കുറിച്ചെഴുതി ....
എന്നിട്ടും നീ എന്നെ കേള്‍ക്കുവാന്‍ മടിക്കുന്നു
ഒരു തലോടല്‍
ഒരു നോട്ടം
ഒരു വിരല്‍ സ്പര്‍ശം
ഇതു മാത്രം കൊതിച്ചിട്ടും, വിലയില്ലാത്തൊരു ഉപഹാരം പോലും 
നീ എനിക്ക് നല്‍കുവാന്‍ മടിക്കുന്നു
വെറുതെ വെറും വെറുതെ .......
 

Thursday, November 18, 2010

ചില സുഹൃത്തുകള്‍ക്കായ്‌

ഓര്‍മ്മചിരാതുകള്‍ കെടുത്തുക
സ്മൃതിയുടെ ഏകാന്ത ജാലകം
കൊട്ടിയടക്കുക
ഉള്ളിലുറങ്ങുന്ന പ്രേത സ്മരണ തന്‍ 
ക്ഷുത്ത പിപ്പാസ  ഉണര്‍ത്താതിരിക്കുക
വേനല്‍ വിരിച്ച മഴക്കാട്ടിലെന്തിനോ
വേദന തല്ലി ക്കൊഴിച്ചോരിലകളെ 
വാകകള്‍ നിത്യവും സിന്ദൂര രേഖകള്‍ 
കോറിയിടുന്നോരാ   ഒറ്റയാള്‍ പാതയെ

മരണം ഒരു അജ്ഞാത പഥികനെ പോലെന്നും
പതിയിരിക്കുന്നോരാ നാലംബലങ്ങളെ
പ്രണയമൊരു രാപ്പനിയില്‍ ആയുസ്സറ്റിടുന്ന
മറവിയുടെ ആഴത്തിലാണ്ട തീരങ്ങളെ
കപട സ്മിതത്തിന്റെ ബിരുദ മേകീടുന്ന നാടക  ശാലയെ
ചപല കൌമാരത്തിന്‍ ത്വരിത വേഗങ്ങളെ
നേരിനാല്‍ നീറും മനസ്സുമായ് ആരോ
പാതിയില്‍ കൈവിട്ട നഷ്ട സ്വപ്നങ്ങളെ
രക്തം മണക്കും ഇടനാഴിയില്‍ ആരോ
പാടെ ഉപേക്ഷിച്ച ഭ്രൂണ അംഗങ്ങളെ
എന്തിനെന്നറിയാതെ നേരം തെറ്റി മാത്രം
പൂത്ത്‌ നില്ക്കുന്നോരാ ഭ്രാന്ത്രരാം കൊന്നകളെ
ഓര്‍മ്മചിരാതുകള്‍ കെടുത്തുക .........................................................
ഒക്കെ മറക്കുക
എല്ലാം പൊറുക്കുക
തങ്ങളില്‍ കാണുമ്പോള്‍
മെല്ലെ ചിരിക്കുക

നിഴലില്ലാത്തവരുടെ നിലവിളി

നിനക്ക് തോന്നുന്നുണ്ടോ ?
എന്‍റെ വാക്കുകകളില്‍ വിഭ്രാന്തി പൂക്കുന്നതായ്
വിഹ്വലമായ എന്‍റെ വലിയ കണ്ണുകളില്‍
കാലം നിശ്ച്ചലമാകുന്നതായ്‌ 
പറയുക 
എന്‍റെ ചുവടുകളില്‍ ജിപ്സികളുടെ
ദേലാപ്പിന്റെ  താളം കേള്‍കുന്നുണ്ടോ
എന്നെ എനിക്ക് നഷ്ടമാകുന്നത് പോലെ
എന്തെങ്കിലും-----------------????????
നിനക്ക് തോന്നുന്നുണ്ടോ
നിലാവിനും എന്‍റെ ഹൃദയത്തിനും
ഏതോ അദൃശ്യ  ബന്ധമുള്ളതായ്
മനസ്സിന്‍റെ മുറിവായിലൂടെ എന്‍റെ ആത്മാവ്
നിത്യവും കണ്ണീര്‍ പൊഴിക്കുന്നതായ്
നിനക്ക് തോന്നുന്നുവോ സുഹൃത്തേ????????????????
ഞാന്‍ നിഴലില്ലാത്തവരുടെ നിലവിളിയായ് മാറുന്നതായ്
എങ്കില്‍ ശരിയാണ്
എനിക്കു ഞാനകാനല്ലേ  കഴിയു .....................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   

Sunday, November 14, 2010

എവിടെയാണാ പെണ്‍ കുട്ടി

 എവിടെയാണ്
ഞാന്‍ തിരയുന്ന പെണ്‍കുട്ടി
നിലാവ് നോക്കി രാവ് പുലരുവോളം
കഥ മിനയുന്ന ഒരുവള്‍
നിറങ്ങളുള്ള മനസ്സുമായ്
നന്ദ്യാര്‍വട്ട പൂക്കള്‍ പോലെ
തണുത്ത് നനുത്ത് പവിത്രമായ 
പുലരിയുടെ തീര്‍ത്ഥം പോലെ ഒരുവള്‍
ഓരോ പുല്‍നാംബിനോടും തന്‍റെ
ഹൃദയം തുറന്നു കാട്ടി എന്തിനോ
വേണ്ടി  ചിരിച്ചു കൊണ്ടേ ഇരുന്നവള്‍
വയലേലകളുടെ ഗന്ധവും , കുളിരും
തന്‍റെ ആത്മാവില്‍ സന്നിവേശിപ്പിച്ചു
നഗരത്തിനു തന്‍റെ ദിവസങ്ങള്‍ കടം നല്‍കിയവള്‍
സ്വപ്നങ്ങളുടെ വളപ്പോട്ടിനും
കാലത്തിന്‍റെ തുണ്ടിനും
ഒരേ അര്‍ഥം നല്‍കിയ പാവം
നഷ്ടമാക്കലിലെല്ലാം നേട്ടങ്ങള്‍ കണ്ടെത്തി
തോല്‍ക്കാന്‍ മടി കാട്ടിയവള്‍
എവിടെയാണവള്‍
 ഞാനെന്തിനവളെ തിരയണം
എന്‍റെ ഇന്നലകളിലെവിടെയോ ഞാന്‍
അവളെ അടക്കം ചെയ്തു കഴിഞ്ഞു
എന്നിട്ടവളുടെ കുഴിമാടവും പേറി
ഇത്രനാള്‍ ..........................
അല്ല ഇനിയും
ബഹു ദൂരം എനിയ്ക്ക് സഞ്ചരിക്കണം
ഇതല്ലമാനെങ്കിലും
ഞാനറിയാതെ ഞാന്‍ തിരയുകയാണ്
എവിടെയാണാ പെണ്‍കുട്ടി

Saturday, November 13, 2010

നിന്‍റെ മിഴികള്‍

 നിന്‍റെ മിഴികള്‍ ,
ഏറ്റവും അലിവും ആദ്രതയും ഉള്ള അവയില്‍
ഞാനെങ്ങനെ തടവുകാരിയായ്‌
നിലാവിനേക്കാള്‍ മനോഹരമായ ,
സ്ഫടികജാലകങ്ങള്‍ പോലെ ഉള്ള നിന്‍റെ മിഴികള്‍
ആത്മാവിന്‍റെ വെളിച്ചം കാട്ടി ,വഴി വിളക്കുകള്‍ പോലെ
അമ്മയുടെ വാത്സല്യതിന്റ്റെ നനവും,
അച്ഛന്‍റെ കരുതലും , നിറയെ കണ്ണ്ടത്  അവയിലാണ്‌
എന്നിട്ടും
അവയില്‍ പെട്ട്
ഒരു അഗ്നിശലഭം പോല്‍ ഞാന്‍ എരിഞ്ഞു തീരുകയായിരുന്നു ...................
നിന്‍റെ മിഴികള്‍
നിര്‍വചനം അറ്റ  കവിത പോല്‍
എന്നെ വിസ്മയിപ്പിക്കുന്നു

Tuesday, November 9, 2010

കാവിലെ പാട്ടു

കാവിലെ പാട്ടിന്നു താളമുണ്ട് 
ഉള്ളില്‍  കരിനാഗമുലയുന്ന     വേഗമുണ്ട് 
ഓര്‍മ്മകള്‍ എത്തി മന കളമെഴുതി 
കനല്‍ ശാന്തമാക്കും സര്‍ഗ്ഗ സ്പര്‍ശമുണ്ട്
തുലാത്തില്‍ ആയില്ല്യ നാളു നോക്കി ,
ജന്മ  ദോഷങ്ങള്‍  തീര്‍ക്കുവാന്‍
ഇന്ന് ഞാന്‍ മാത്രമായ്..........................
 ഒപ്പത്തിലുള്ളവര്‍  എല്ലാം പകുതിയില്‍
ഞെട്ടറ്റു വീണ പോല്‍ വേര്‍പെടുന്നു .
കത്തിയമര്‍ന്ന ചിതകളും ശൂന്യമാം
 അസ്ഥി തറകളും നടുമുറ്റവും
കുറ്റപ്പെടുത്തും പോല്‍ വീശുന്ന കാറ്റില്‍
കാവും ഈ പാട്ടും........................ഈ ഞാനും മാത്രം
പുള്ളുവ പെണ്ണിന്‍ കുടം ഉണരെ  
കളം തല്ലി മായ്ക്കാന്‍ മനം വെമ്പിടുമ്പോള്‍
ഹൃദയത്തിനുള്ളിലെ ചിത്രകുടം വിട്ടു
പറനാഗം പത്തി വിരിച്ചിടുന്നു
കാവില്‍ ഇലഞ്ഞി തന്‍ ചോട്ടിലെല്ലാം
കാലം തല്ലി കൊഴിച്ചൊരു  ബന്ധങ്ങളെ
തേടിയലഞ്ഞു മടങ്ങവേ കേള്‍ക്കുന്നു
കാതിലീപാട്ടും  തുടി ഉണര്‍ത്തും
നൂറിനും പാലിനും നെദ്യതിനും എന്റെ ബാല്യം
കൊതിച്ചു കൈ നീട്ടി നില്‍കെ
എത്രയോ മാറി കഴിഞ്ഞു ഞാനെങ്കിലും
ഉള്ളിലെന്‍ വാര്‍മുടികെട്ടഴിഞ്ഞു ,
ഈറനാം പ്രാണന്‍ പടമെടുത്താടുന്നു
കാവിലെ പാട്ടിന്റെ താളമായി .....................

Monday, November 8, 2010

അജ്ഞാതരായ അമ്മമാര്‍ക്കായ്‌

എന്‍റെ സ്മൃതികളിലെയ്ക്ക്
ആരാണ് പേരറിയാത്ത ഗ്രാമത്തിന്റെ കവാടങ്ങള്‍ തുറന്നത്  ????
ഭൂതാവശിഷ്ട്ടമായ നഗരകമാനങ്ങള്‍ക്കപ്പുറം -പുതിയ യുദ്ധത്തിന്‍റെ പോര്‍ക്കളം  പോല്‍ ...................ഒന്ന് 
നാളകളുടെ പ്രതിഫലനം പോലെ .
തരിശില്‍ പൂക്കുന്ന ജനതികം ,
അട്ടിമറിക്കപ്പെട്ട ജീവികള്‍ .
പുതിയ മനുഷ്യര്‍ , പുതിയ ലോകം
യുറേനിയം പെയ്തടങ്ങിയ മണ്ണില്‍ നിന്നും
പ്രേതങ്ങളുടെ പകര്‍പ്പാവകാശം എന്ന പോല്‍ .
ഗര്‍ഭപാതങ്ങളില്‍ ഒലിച്ചു പോകുന്ന ,
പ്രതീക്ഷകളുടെ തേങ്ങല്‍ പോല്‍......
കറുത്ത രാത്രിയുടെയോ - ഹെഭായയുടെയോ  ഇരുട്ടില്‍
ഒളിക്കുന്ന പെണ്ണിന്‍റെ ഞരക്കം പോലെയോ -ഒന്ന്
മുല കണ്ണിന്നു  നേരെ നീളുന്ന രൂപാന്തരം പ്രാപിച്ച 
മനുഷ്യക്കോലത്തെ , വലിച്ചെറിഞ്ഞു ഭയന്ന് ഓടുന്ന
അമ്മയുടെ രോദനം പോലെ ,
എനിയ്ക്കറിയില്ല ഞാന്‍ കേള്‍കുന്നത്‌ 
 വംശ നാശത്തിന്‍റെ  ആദ്യത്തെ പ്രവചനം ആയിരിക്കാം 
മണ്ണും പെണ്ണും വന്ധ്യതയിലെയ്ക്ക് 
നിത്യമായ് വലിച്ചെറിയപ്പെടുന്ന  ഗ്രാമത്തിന്‍റെ  കവാടങ്ങള്‍
എന്‍റെ ചിന്തകളിലെയ്ക്ക് തുറന്നത്   
ആരാണ് !!!!!!!!!!