Wednesday, February 16, 2011

കൂടുമാറ്റം

എത്രയോ കൂടുമാറ്റങ്ങള്‍
എത്രയോ വട്ടം പറഞ്ഞു പഴകിയ
ഒറ്റ വാക്യത്തില്‍ ഒതുങ്ങും
യാത്രാ മൊഴി 
എത്ര കടവുകള്‍ എത്രയോ തോണികള്‍ 
എത്രയോ ജീര്‍ണിച്ച നഗരകവാടങ്ങള്‍
എത്രയോ വട്ടം താണ്ടിയ നടവഴി
എത്രയോ നിയോണ്‍ വസന്തങ്ങള്‍
ചെത്തി മിനുക്കിയ അധോമുഖപാതകള്‍

എങ്ങും നിലയ്ക്കാത്ത ചുവടു ഉറയ്ക്കാത്തോരീ യാനം
പാഥേയം എന്നുമീ ഓര്‍മ്മകള്‍
ഒട്ടു നുണയാന്‍ കൊതിക്കും മധുരങ്ങള്‍
പിന്നെ കയ്യ്ക്കുന്നനൊമ്പര ചിന്തുകള്‍
ഇന്നുമുണങ്ങാതെ അകം കലിക്കും ചില
നീറും മുറിവുകള്‍
നേര്‍ത്ത നഖക്ഷതം പോല്‍
മുറിപാടുകള്‍
എന്തിനോ വേണ്ടി കുറിച്ച വിലാസങ്ങള്‍
പാടെ മറക്കുവാനായ് മാത്രം മനസ്സിന്‍റെ
താളില്‍ പകര്‍ത്തിയ കാവ്യ ശകലങ്ങള്‍
പകുതിയില്‍ കയ്യ് വിടും ഉപഹാര ജാലങ്ങള്‍
ഇല്ല സുഹൃത്തേ
നിന്‍ കണ്ണുനീര്‍ വീണൊരാ ചന്ദന തൂവാല
ഇന്നും എന്‍ നെഞ്ചിനെ ചുട്ടു നീറ്റി കൊണ്ട്
പേറുന്നു പ്രാണന്‍റെ മാറാപ്പില്‍ ഇന്നും ഞാന്‍ ..................

5 comments:

  1. നന്നായി എഴുതി അജ്ഞു.
    :-)
    ഉപാസന

    ReplyDelete
  2. എന്തിനോ വേണ്ടി കുറിച്ച വിലാസങ്ങള്‍

    പാടെ മറക്കുവാനായ് മാത്രം മനസ്സിന്‍റെ
    താളില്‍ പകര്‍ത്തിയ കാവ്യ ശകലങ്ങള്‍
    നല്ല വരികള്‍ അഞ്ജു

    ReplyDelete
  3. "ഇന്നുമുണങ്ങാതെ അകം കലിക്കും ചില
    നീറും മുറിവുകള്‍ "
    നല്ല കവിത , വളരെ നല്ല കവിത

    ReplyDelete
  4. എന്തൊക്കെയോ കുറെയേറെ പറയാനുള്ള പോലെ..

    ഇനിയും എഴുതൂ.. ഭാവുകങ്ങള്‍

    ReplyDelete
  5. ബ്ലോഗ് വായിച്ചു.. നന്നായിട്ടുണ്ട്..

    ആശംസകൾ..!!

    ReplyDelete