Thursday, November 18, 2010

ചില സുഹൃത്തുകള്‍ക്കായ്‌

ഓര്‍മ്മചിരാതുകള്‍ കെടുത്തുക
സ്മൃതിയുടെ ഏകാന്ത ജാലകം
കൊട്ടിയടക്കുക
ഉള്ളിലുറങ്ങുന്ന പ്രേത സ്മരണ തന്‍ 
ക്ഷുത്ത പിപ്പാസ  ഉണര്‍ത്താതിരിക്കുക
വേനല്‍ വിരിച്ച മഴക്കാട്ടിലെന്തിനോ
വേദന തല്ലി ക്കൊഴിച്ചോരിലകളെ 
വാകകള്‍ നിത്യവും സിന്ദൂര രേഖകള്‍ 
കോറിയിടുന്നോരാ   ഒറ്റയാള്‍ പാതയെ

മരണം ഒരു അജ്ഞാത പഥികനെ പോലെന്നും
പതിയിരിക്കുന്നോരാ നാലംബലങ്ങളെ
പ്രണയമൊരു രാപ്പനിയില്‍ ആയുസ്സറ്റിടുന്ന
മറവിയുടെ ആഴത്തിലാണ്ട തീരങ്ങളെ
കപട സ്മിതത്തിന്റെ ബിരുദ മേകീടുന്ന നാടക  ശാലയെ
ചപല കൌമാരത്തിന്‍ ത്വരിത വേഗങ്ങളെ
നേരിനാല്‍ നീറും മനസ്സുമായ് ആരോ
പാതിയില്‍ കൈവിട്ട നഷ്ട സ്വപ്നങ്ങളെ
രക്തം മണക്കും ഇടനാഴിയില്‍ ആരോ
പാടെ ഉപേക്ഷിച്ച ഭ്രൂണ അംഗങ്ങളെ
എന്തിനെന്നറിയാതെ നേരം തെറ്റി മാത്രം
പൂത്ത്‌ നില്ക്കുന്നോരാ ഭ്രാന്ത്രരാം കൊന്നകളെ
ഓര്‍മ്മചിരാതുകള്‍ കെടുത്തുക .........................................................
ഒക്കെ മറക്കുക
എല്ലാം പൊറുക്കുക
തങ്ങളില്‍ കാണുമ്പോള്‍
മെല്ലെ ചിരിക്കുക

No comments:

Post a Comment