Friday, November 26, 2010

എന്‍റെ മഴക്കുട്ടികള്‍

അന്ന് കടല്‍ ക്കരയില്‍ നനഞ്ഞ മണ്ണിലിരുന്നു ഞാന്‍ ഉറക്കെ കരഞ്ഞു . എനിക്ക് കരയാവുന്ന അത്ര ഉച്ചത്തില്‍ . എന്നെ ഒട്ടും ശല്യം ചെയ്യാതെ തിരകള്‍ , തീരത്തോട് അണഞ്ഞും , ഓടി അകന്നുമിരുന്നു .
ഹൃദയം നുറുങ്ങുമ്പോള്‍ ഏറ്റവും അടുത്തറിയുന്ന ഒരു സുഹൃത്തിന്‍റെ നിശബ്ദമായ സാമീപ്യം ഞാന്‍ അതില്‍ അറിഞ്ഞു . കടലിന്‍റെ സാന്നിധ്യം എന്‍റെ ജീവിതത്തില്‍ എന്നും നിറഞ്ഞിരിന്നു . ഒരു വേള പ്രാചീനതയുടെ പരിവേഷം പൂണ്ട , ഒരു ഉറക്കത്തില്‍ എന്ന പോലെ പാതിയടഞ്ഞ മിഴികളുള്ള ,എന്‍റെ നാടിന്‍റെ പഴകിയ ഓടിട്ട കടല്‍ക്കരയിലുള്ള ആശുപത്രിയിലുള്ള എന്‍റെ ജനനം മുതലെ എന്ന് പറയാം അന്ന് , ആ സന്ധ്യയില്‍ ഞാന്‍ കടലിന്‍റെ അഗാധതയിലേക്ക്‌ നോക്കി കരഞ്ഞു കൊണ്ടു യാചിക്കുകയായിരുന്നു ..........എല്ലാം മായ്ക്കു എന്‍റെ ഓര്‍മ്മകളില്‍ നിന്നും ................ഒന്നും അവശേഷിപ്പിക്കാതെ ..........
കടലോര ഗ്രാമങ്ങളിലെ കുടിലുകള്‍ തോറും നിത്യ സന്ദര്‍ശകയായിരുന്ന എന്‍റെ ജീവിതത്തിലെ ഒരു കാലഘട്ടം . ഞാന്‍ എന്ന ആരോഗ്യ പ്രവര്ത്തംക ചുമലില്‍ ഒരു സഞ്ചിയും കുറെ രേജിസ്റെരുകളും പേറി കുടിലുകള്‍ തോറും സഞ്ചരിച്ചു കൊണ്ടിരുന്നു . ആ യാത്രകളില്‍ ഒരു നാള്‍ എന്‍റെ വിരസതയിലെയ്കു വളരെ പൊടുന്നനെ ആണ് അവര്‍ കടന്നു വന്നത് . എനിക്ക് നഷ്ടമായ നിറമുള്ള ബാല്യത്തില്‍ നിന്നും ഒരു പാട് വ്യത്യസ്തമായ അവരുടെ വര്‍ണ്ണങ്ങളുള്ള ബാല്യം ...... എന്‍റെ മുമ്പില്‍ ശിഥിലമായ എന്‍റെ കുടുമ്പത്തില്‍ നിന്നും വിഭിന്നമായി ...ഏറെ ചൂടും കരുതലും ഉള്ള ചെറിയ കൂടുകളില്‍ നിന്നെന്ന വണ്ണം അവര്‍ ......പറന്നു കളിച്ചിരുന്ന ആ നാളുകള്‍ . ഞാന്‍ അവരെ ആദ്യം വെറുത്തു പിന്നീട് സ്നേഹിച്ചു . അന്ന് ആ കടല്‍ക്കരയില്‍ ഇരുന്നു നെഞ്ചു പൊട്ടി കരയുവനിടയാക്കും വിധം എന്ന് പറയാം .
ചെറിയ കുട്ടികളായിരുന്നവര്‍ , എണ്ണ മെഴുപ്പുള്ള കറുത്ത നിറം , പീലിനിറഞ്ഞ നക്ഷത്ര കണ്ണുകളുള്ള ആണ്‍കുട്ടി , സ്വര്‍ണ്ണ തലമുടിയുള്ള പെണ്‍കുട്ടി.
സ്കൂള്‍ തുറക്കാറായ ഒരിടവത്തിലാണ് ഞാന്‍ അവരെ ആദ്യമായ് കാണുന്നത് . അവരുടെ പേരുകള്‍ ഞാന്‍ ഓര്‍മ്മയില്‍ കുറിച്ചിട്ടില്ല , അവരെനിക്ക് മഴകുട്ടികളായിരുന്നു .......................
എന്‍റെ മഴകുട്ടികള്‍ .......ഇടിമിന്നലുകളെ ഭയക്കാതെ , ബാല്യത്തിന്‍റെ പൂര്‍ണതയായ് ... മഴയുടെ താളത്തിനോടൊപ്പം അവര്‍ നൃത്തം ചവുട്ടി .............ഓരോ തുള്ളിയിലും ഇത്ര ആനന്ദം ഉണ്ടെന്ന് ഞാന്‍ അന്നാണ് അറിയുന്നത്
മഴയെ ജനാലയിലൂടെ നോക്കി കണ്ടു , പനിയെ ഭയന്ന് , ഇടിമിന്നലുകളില്‍ പുതപ്പിനടിയില്‍ ഒളിച്ചിരുന്ന എന്‍റെ മുന്നില്‍ അവര്‍ മഴയോടിഴ ചേര്‍ന്ന് , കടലിനോടും കാറ്റിനോടും അവരുടെ ബാല്യം പങ്കിട്ടു . ശൂന്യതയുടെ സൌന്ദര്യം ഞാന്‍ നുകരുന്ന നാട്ടു മാവില്‍ കല്ലെറിഞ്ഞു അവര്‍ , ആര്‍പ്പു വിളിയിലെ യഥാര്‍ത്ഥ ആഘോഷം എനിക്ക് കാട്ടി തന്നു .
മഴയും മനുഷ്യനും ഈശ്വരനും പ്രപഞ്ചവും എല്ലാം ഒന്നിച്ചു ചേര്‍ന്ന ആ കാലത്തിലൂടെ ഞാന്‍ എന്നെ അലയുവാന്‍ അനുവദിക്കും വഴി എന്നോട് തന്നെ ദയ കാട്ടി.
നക്ഷത്ര കണ്ണുകളുള്ള ആണ്‍കുട്ടിയും സ്വര്‍ണ്ണ തലമുടിയുള്ള പെണ്‍കുട്ടിയും എന്‍റെ നിത്യ സന്ദര്‍ശകരായി , ഞാന്‍ അവരുടെ കുടിലിലെയും. അവരുടെ അമ്മയ്ക്കും അതെ എണ്ണ കറുപ്പായിരുന്നു . മിനുമിനുപ്പുള്ള കറുപ്പ് .ഗര്‍ഭിണികള്‍ക്ക് വന്നു ചേരുന്ന ഒരു മനോഹാരിത , കണ്ണുകളില്‍ ........... വിവശതയാര്‍ന്ന തളര്‍ച്ച .ഞാന്‍ അവരുടെ അമ്മയുടെ വയറ്റില്‍ കുഴല്‍ വെച്ച് കേള്‍ക്കാന്‍ ശ്രമിക്കും , എന്നിട്ട് അടുത്തിരിക്കുന്ന മഴകുട്ടികളോട് ആ ഹൃദയ സ്പന്ധനങ്ങളുടെ ഉടമയെ കുറിച്ച് പറഞ്ഞു കൊടുക്കും . അവരുടെ സ്വപ്നങ്ങളില്‍ അങ്ങനെ പാവകുട്ടിയുടെ മുഖമുള്ള അനുജത്തിയുടെ രൂപം ഉടലെടുത്തു . പ്രതീക്ഷകള്‍ ഉള്ള കണ്ണുകള്ക്ക് ‌ എത്ര മനോഹരമായ പ്രകാശമാണ് ........ഞാന്‍ അത് ആസ്വദിക്കുകയായിരിന്നു. ചെറിയ ലോകങ്ങളിലെ വലിയ സന്തോഷങ്ങള്‍ ...............എന്നിട്ടും എന്‍റെ മടക്കയാത്രയില്‍ ഞാന്‍ അവരെ മറവിയുടെ എടുകളിലെയ്കു എഴുതി ചേര്‍ത്തു .
സുനാമിയുടെ വന്‍ തിരകള്‍ ആഞ്ഞടികുന്നത് ഞാന്‍ ദൂരദര്‍ശനിലൂടെ കാണുകയായിരുന്നു . മരണവുമായ് വളരെ അകലമില്ലാത്ത ഒരു ജോലിയിലേര്‍പ്പെട്ടിരുന്ന എനിക്ക് പകര്‍ന്നു കിട്ടിയ മരവിപ്പില്‍ ഞാന്‍ നിഴല്‍ ചിത്രങ്ങള്‍ പോലവയെല്ലാം കണ്ടു മറക്കുകയായിരുന്നു .കടലിന്‍റെ പ്രതികരണം , മലരികളില്‍ , ചുഴികളില്‍ കാലങ്ങളായ് ഒളിപ്പിച്ച വേദനകള്‍ക്കായ് ... ജലത്തിന്‍റെ പ്രതികാരം , ഞാന്‍ അങ്ങനെയാണ് ഒക്കെയും കണ്ടതു .
പുനരധിവാസ പ്രഹസനങ്ങളുടെ തിരക്കൊഴിജ്ഞ , ഒരു പേര് മഴക്കാലത്ത് ഞാന്‍ എന്നെയും അത്ഭുതപ്പെടുത്തി കൊണ്ട് അവരെ തിരഞ്ഞു പോകും വരെ എല്ലാം സ്വച്ഛമായ ഒഴുക്ക് പോലെ ശാന്തമായിരുന്നു................
അന്നാ കടല്ക്കരയിലിരുന്നു ഞാന്‍ ഉറക്കെ കരഞ്ഞു . സുനാമിയ്ക്കു ശേഷമുള്ള പുനരധിവാസ കേന്ദ്രങ്ങളിലൂടെ ഞാന്‍ എത്ര അലഞ്ഞു , പരിഹസിക്കപെട്ടു , എന്നിട്ടും ഞാന്‍ യാത്ര തുടരുകയായിരുന്നു ...കടലെടുത്ത ഗ്രാമാവശിഷ്ടങ്ങളില്‍ ഒരു ജോഡി നക്ഷത്ര കണ്ണുകള്‍ തേടി , സ്വര്ണ്ണ തലമുടിക്കാരിയെ തിരഞ്ഞു
സുഹൃത്തിന്‍റെ സാമൂഹ്യ പ്രസ്ഥാനത്തില്‍ അന്നെതിനാണ് ഞാന്‍ പോയത് .....എനിക്ക് തിരച്ചില്‍ അവസാനിപ്പിച്ച്‌ മടങ്ങാമയിരുന്നു .....നിയോഗം എന്‍റെ നിയോഗം അല്ലാതെന്താണ് ....
മയക്കു മരുന്ന് ലോഭിയെയും , ബാലവേലയെ കുറിച്ചും അജിത്‌ പറഞ്ഞു കൊണ്ടെയിരിക്കുന്നതിന്നിടയില്‍ ആ ചെമ്പന്‍ മുടിക്കാരന്‍ പയ്യന്‍ കടന്നു വന്നു . അവിടെ വെച്ച് നിറുത്താമായിരുന്നിട്ടും അടുത്ത അരമണിക്കൂറില്‍ ഞാന്‍ അവന്‍റെ ഒപ്പം നഗരത്തിന്റെ് ഉള്ള്ചാലുകളിലെയ്കു , ദുര്ഗ്ന്ധം വമിക്കുന്ന വഴികളുടെ യാത്ര തുടങ്ങിയിരുന്നു .

എന്‍റെ നക്ഷത്ര കണ്ണുകാരന്‍ , നരച്ച നിലാവണഞ്ഞ കണ്ണുകളുമായ് , എന്‍റെ കയ്യുകള്‍ തട്ടിയെറിഞ്ഞു മുഖം തിരിച്ചു നടന്നു ,,,,,,,,,...........എന്തിനു മറവി , ഒരു പക്ഷെ........എന്നെ തിരിച്ചറിയാത്ത ആ നോട്ടം !!!! അവന്‍റെ ചുണ്ടുകളുടെ ഓരത്ത് പൊട്ടി ഒലിക്കുന്ന വടുക്കള്‍ ഞാന്‍ തിരിച്ചറിഞ്ഞു ...............നിഷ്കളങ്കതയുടെ മേല്‍ ചൂഷണത്തിന്റെ മുറിവ് , ഇല്ലാത്തവന്റെ മേല്‍ ഉള്ളവന്റെ ധ്രാഷ്ട്യം , .......... പക്ഷെ ബാല്യത്തിനു മേല്‍ ലൈംഗീഗ രോഗങ്ങങ്ങളുടെ ചലം വമിക്കുന്ന വടുക്കള്‍ , എനിക്ക് ചുറ്റും ലോകം നിന്ന് കറങ്ങി ........എന്നെ എനിക്ക് കൈമോശം വന്നു പോകുന്നത് ഞാന്‍ അറിഞ്ഞു . ഒത്തു ചേരാത്ത ആശയങ്ങള്‍ . അജിത്തിന്‍റെ തണുത്ത ശബ്ദം ..........."ടൂറിസം , കടോലോര ടൂറിസം , വിദേശ നാണയം കൊണ്ടിങ്ങനെയും നാട് സമ്പന്ന ആകുന്നു ...ബാല വേശ്യകള്‍.............കണക്കു വളരെയധികമാണ് ".
മുറിഞ്ഞ വാക്കുകളില്‍ മുറിയുന്ന ഹൃദയം ...................
അവനെനെന്നെ തിരിച്ചരിഞ്ഞില്ലായിരുന്നെങ്ങില്‍ ....

അണഞ്ഞ നക്ഷത്ര കണ്ണുകകളില്‍ പകയും പുച്ച്ചവുമായ് നടന്നു മറഞ്ഞ കുട്ടി തിരിച്ചു വന്നു എന്റെക കരം പിടിച്ചു നടന്നു , അതെ വേഗതയില്‍ , അവനെന്നെ ചാക്കുകള്‍ കൊണ്ട് മറച്ച തകര കൂട്ടിന്നുള്ളിലെയ്കു നയിച്ചു......
അഴുകിയ മാംസത്തിന്റെ ഗന്ധമുള്ള ആ ഇരുട്ടില്‍ , എന്‍റെ സ്വര്ണ തലമുടിക്കാരിയുടെ നിഴല്‍ പോലെ ഒന്നിനെ ഞാന്‍ കണ്ടു , മുണ്ഡനം ചെയ്ത തലയില്‍ നിറയെ വടുക്കള്‍ ഞാന്‍ ആ ഇരുട്ടിലും കണ്ടു . ഒന്നല്ല , ഒരു പാട് അത്തരം പ്രതീകങ്ങള്‍ .......കുട്ടികള്‍ , ഒരു ദേശത്തിന്‍റെ നാളകള്‍ ......
അവരുടെ നടുവില്‍ ഒരു തുണികെട്ടു, ഞാന്‍ അതിലേയ്ക് നോക്കി , അരണ്ട വെളിച്ചത്തില്‍ , വലിയ തലയുള്ള പ്രേത രൂപിയായ ഒരു ശിശു , അതിന്റെക കടവായിലൂടെ തുപ്പല്‍ ഒഴുകിയിരുന്നു .
ആ തുണി കെട്ടിലെ ഹൃദയ സ്പന്ദനം എനിയ്കന്യമല്ല ......അതെ കുറിച്ച് ഞാന്‍ എത്ര സ്വപ്നങ്ങളാണ് ആ നക്ഷത്ര കണ്ണുകാരന് നല്കിലയത് .......

അവനെന്നോട് പരാതിയില്ലായിരുന്നു , അവനാരോടും പരാതിയില്ലായിരുന്നു ..........ആ തുണികെട്ടു അവന്‍ പറയാത്ത എല്ലാ കഥയും എന്നോട് പറഞ്ഞു കഴിഞ്ഞു . മഴയില്‍ ചോരുന്ന ആ മുറിയില്‍ നിന്നും , എന്നില്‍ നിന്നും ഞാന്‍ നിരത്തിലെയ്കു ഇറങ്ങി നടന്നു .....
നാടൊട്ടുക്ക് എയിഡ്സ് സെല്ലുകള്‍ , പുനരധിവാസ കേന്ദ്രങ്ങള്‍ , സ്മാര്‍ട്ട്‌സിറ്റി , ഇവയ്കെല്ലാം ഇടയില്‍ .........എത്ര ബാല്യങ്ങള്‍ സുരക്ഷിത കാമത്തിന്നു ഹവിര്‍ വേദിയാകുന്നു . കുറഞ്ഞ പണത്തിന്നു വിദേശ വൈകൃത കൂട്ടങ്ങള്ക്കു , ടൂറിസത്തിന്റെ മറവില്‍ ഈശ്വരനെ വ്യഭിചരിക്കുന്ന ...............പുരോഗമനം !!!!!!
എവിടെയാണ് ദൈവം ?
ദൈവത്തിന്‍റെ സ്വന്തം നാട്???????
ഞാന്‍ കരയുകയായിരുന്നു , അന്ന് , ഞാന്‍ തീവ്രമായ് ആഗ്രഹിച്ചു , , മഴ പെയ്തുകൊണ്ടെയിരുന്നങ്കില്‍ .......ആ മഴയില്‍ എന്റെ. മഴ കുട്ടികള്‍ പവിത്രമായെങ്കില്‍ ............ വാത്സല്യത്തിന്റെ ഒരു തുള്ളി തീര്ത്ഥം ആയ് മഴ അവരുടെ നാറുന്ന വടുക്കളില്‍ പതിച്ചെങ്കില്‍ ..................
ഞാന്‍ നിലവിളിക്കുകയായിരുന്നു .........അന്ന് ആ കടല്‍ കരയിലിരുന്നു ........ എന്‍റെ നിലവിളി കടലിന്‍റെ സീല്‍കാരത്തില്‍ അമര്‍ന്നില്ലാതാകും വരെ !!!

1 comment: