Tuesday, November 9, 2010

കാവിലെ പാട്ടു

കാവിലെ പാട്ടിന്നു താളമുണ്ട് 
ഉള്ളില്‍  കരിനാഗമുലയുന്ന     വേഗമുണ്ട് 
ഓര്‍മ്മകള്‍ എത്തി മന കളമെഴുതി 
കനല്‍ ശാന്തമാക്കും സര്‍ഗ്ഗ സ്പര്‍ശമുണ്ട്
തുലാത്തില്‍ ആയില്ല്യ നാളു നോക്കി ,
ജന്മ  ദോഷങ്ങള്‍  തീര്‍ക്കുവാന്‍
ഇന്ന് ഞാന്‍ മാത്രമായ്..........................
 ഒപ്പത്തിലുള്ളവര്‍  എല്ലാം പകുതിയില്‍
ഞെട്ടറ്റു വീണ പോല്‍ വേര്‍പെടുന്നു .
കത്തിയമര്‍ന്ന ചിതകളും ശൂന്യമാം
 അസ്ഥി തറകളും നടുമുറ്റവും
കുറ്റപ്പെടുത്തും പോല്‍ വീശുന്ന കാറ്റില്‍
കാവും ഈ പാട്ടും........................ഈ ഞാനും മാത്രം
പുള്ളുവ പെണ്ണിന്‍ കുടം ഉണരെ  
കളം തല്ലി മായ്ക്കാന്‍ മനം വെമ്പിടുമ്പോള്‍
ഹൃദയത്തിനുള്ളിലെ ചിത്രകുടം വിട്ടു
പറനാഗം പത്തി വിരിച്ചിടുന്നു
കാവില്‍ ഇലഞ്ഞി തന്‍ ചോട്ടിലെല്ലാം
കാലം തല്ലി കൊഴിച്ചൊരു  ബന്ധങ്ങളെ
തേടിയലഞ്ഞു മടങ്ങവേ കേള്‍ക്കുന്നു
കാതിലീപാട്ടും  തുടി ഉണര്‍ത്തും
നൂറിനും പാലിനും നെദ്യതിനും എന്റെ ബാല്യം
കൊതിച്ചു കൈ നീട്ടി നില്‍കെ
എത്രയോ മാറി കഴിഞ്ഞു ഞാനെങ്കിലും
ഉള്ളിലെന്‍ വാര്‍മുടികെട്ടഴിഞ്ഞു ,
ഈറനാം പ്രാണന്‍ പടമെടുത്താടുന്നു
കാവിലെ പാട്ടിന്റെ താളമായി .....................

1 comment:

  1. "ഒപ്പത്തിലുള്ളവര്‍ എല്ലാം പകുതിയില്‍
    ഞെട്ടറ്റു വീണ പോല്‍ വേര്‍പെടുന്നു" .

    മനോഹരമായി എഴുതി. താളത്തില്‍ വായിച്ചു. ഇങ്ങനെത്തെ കവിതകള്‍ ഒരു പക്ഷെ ബ്ലോഗുകളില്‍ കുറവായിരിക്കും.

    ReplyDelete